/sathyam/media/media_files/2025/12/18/2942aa70-b704-4d0a-be67-60b81a9f9f13-2025-12-18-19-29-38.jpg)
ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ സൂപ്പർ സ്റ്റാർ നായകനായ വിജയ് ദേവരകൊണ്ട മുഖ്യ വേഷത്തിൽ എത്തുന്നു. ‘രാജ വാരു റാണി ഗാരു’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രവി കിരൺ കോല സംവിധാനം ചെയ്യുന്ന ഈ ചിത്രം ശക്തമായ വികാരങ്ങളും ആക്ഷനും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായിരിക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. പാൻ-ഇന്ത്യ പ്രോജക്ടായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രമോ ഇതിനകം തന്നെ പ്രേക്ഷകരുടെ ഇടയിൽ കൗതുകം വർധിപ്പിച്ചിട്ടുണ്ട്. പ്രമോയിൽ സംവിധായകൻ രവി കിരൺ കോല പറയുന്നത് ഇപ്രകാരമാണ്: “ഒരു മനുഷ്യന്റെ കഥ പറയാൻ ഞാൻ ഏറെക്കാലമായി കാത്തിരുന്നു. അവനെ ഞാൻ എന്റെ ഓർമ്മകളിൽ നിന്നാണ് കണ്ടെത്തിയത്. പൂർണ്ണതയില്ലാത്ത, കോപമുള്ള, മുറിവേറ്റ — എങ്കിലും യാഥാർത്ഥ്യമുള്ള ഒരാൾ. വെറുത്തതിലധികം ഞാൻ സ്നേഹിച്ച കഥാപാത്രം. ഈ കഥ പറയപ്പെടേണ്ടതായിരുന്നു. നിങ്ങൾ അവനെ കാണും.” ഈ വാക്കുകൾ തന്നെ നായക കഥാപാത്രത്തിന്റെ സ്വഭാവത്തെ വ്യക്തമായി വരച്ചുകാട്ടുന്നു.
ഗ്ലിംപ്സിന്റെ അവസാനം വിജയ് ദേവരകൊണ്ടയുടെ കൈ പ്രത്യക്ഷപ്പെടുന്നത് ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ ഇരട്ടിയാക്കുന്നു.ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, ശിരീഷ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് രവി കിരൺ കോലയാണ്.ഡിസംബർ 22ന് വൈകിട്ട് 07:29ന് ടൈറ്റിൽ ഗ്ലിംപ്സ് റിലീസാകും. കീർത്തി സുരേഷ് നായികയായി എത്തുന്ന ഈ ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടും.
പി.ആർ.ഒ: പ്രതീഷ് ശേഖർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us