തിരുവനന്തപുരം: കെഎസ്എഫ്ഡിസിയിലെ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ച് സംവിധായകന്‍ ഡോ. ബിജു. തൊഴില്‍പരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജി.
ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’ സിനിമയ്ക്ക് തിയേറ്ററില്‍ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ത്തന്നെ തന്റെ ഫെയ്‌സ്ബുക്കിലൂടെ ഡോ. ബിജു തിരിച്ചടിച്ചു. തിയേറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ താന്‍ ആളല്ല എന്നാണ് ഇതിന് മറുപടിയായി ഡോ. ബിജു പറഞ്ഞത്.
കേരളത്തിനും ഗോവയ്ക്കും അപ്പുറം ഒരു ചലച്ചിത്രമേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോടു രാജ്യാന്തര ചലച്ചിത്രമേളകളെപ്പറ്റി സംസാരിക്കുന്നതു വ്യര്‍ഥമെന്നും അദ്ദേഹം കുറിച്ചു. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തെ പിന്തുണച്ചും രഞ്ജിത്തിനെ വിമര്‍ശിച്ചും രംഗത്തെത്തിയത്.