/sathyam/media/media_files/219c75ZiaO6XhdaMDQLC.jpg)
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ട് മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍'മാസ്റ്റര്‍ മൈന്‍ഡ്‌സ്' (Master Mind) വിഭാഗത്തില്‍ 11 സംവിധായകരുടെ ഏറ്റവും പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കെന്‍ ലോച്ച്, വിം വെന്‍ഡേഴ്‌സ്, അകി കൗറിസ്മാക്കി, നൂരി ബില്‍ജെ സീലാന്‍, മാര്‍ക്കോ ബെല്‌ളോക്യോ, വെസ് ആന്‍ഡേഴ്‌സണ്‍, കൊറീദ ഹിരോകാസു, നാന്നി മൊറൈറ്റി, റാഡു ജൂഡ്, ആഗ്‌നിയെസ്‌ക ഹോളണ്ട്, സ്റ്റീഫന്‍ കൊമാന്‍ഡറേവ് എന്നീ പ്രമുഖരുടെ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
കെന്‍ ലോച്ചിന്റെ 'ദ ഓള്‍ഡ് ഓക്ക്' എന്ന ചിത്രമാണ് മേളയിലെത്തുക. നവജര്‍മ്മന്‍ സിനിമയുടെ മുന്‍നിരക്കാരനും കാന്‍, ബെര്‍ലിന്‍, വെനീസ് മേളകളില്‍നിന്ന് ഉന്നതപുരസ്‌കാരം നേടിയ സംവിധായകനുമായ വിം വെന്‍ഡേഴ്‌സിന്റെ 'പെര്‍ഫക്റ്റ് ഡേയ്‌സ്' പ്രദര്‍ശിപ്പിക്കും. ഈ ചിത്രത്തിന് ഈ വര്‍ഷത്തെ കാന്‍ മേളയില്‍ രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. 2014-ലെ ഐ.എഫ്.എഫ്.കെ.യില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബെല്‌ളോക്യോവിന്റെ 'കിഡ്‌നാപ്പ്ഡ്' കാന്‍മേളയില്‍ മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, നടി, സഹനടന്‍ എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ഫിന്നിഷ് സംവിധായകന്‍ അകി കൗറിസ്മാക്കിയുടെ 'ഫാളന്‍ ലീവ്‌സ്' ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ജൂറി പുരസ്‌കാരം ലഭിച്ച ചിത്രമാണ്. ജാപ്പനീസ് സംവിധായകന്‍ കൊറീദ ഹിരോകാസുവിന്റെ 'മോണ്‍സ്റ്റര്‍' കാന്‍ ചലച്ചിത്രമേളയില്‍ ക്വീര്‍ പാം ബഹുമതിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.
പാം ദി ഓര്‍ ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ടര്‍ക്കിഷ് സംവിധായകന്‍ നൂരി ബില്‍ജെ സീലാന്റെ 'എബൗട്ട് ഡ്രൈ ഗ്രാസസ്' ഈ വര്‍ഷത്തെ കാന്‍ മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിരുന്നു. ഓസ്‌കര്‍, ബാഫ്ത, ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരജേതാവായ അമേരിക്കന്‍ സംവിധായകന്‍ വെസ് ആന്‍ഡേഴ്‌സന്റെ 'ആസ്റ്ററോയ്ഡ് സിറ്റി', പറക്കുംതളികയെയും അന്യഗ്രഹജീവികളെയും സംബന്ധിച്ച ജനപ്രിയ മിത്തുകളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുന്നു.
എട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ക്യൂബന്‍ ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 28ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും.
ഡിസംബര്‍ എട്ടിന് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് നല്‍കി കെനിയന്‍ സംവിധായിക വനൂരി കഹിയുവിനെ ആദരിക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.