സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളുടെ ആഖ്യാനവുമായി ഫാസിൽ റസാഖിന്റെ 'മോഹം'

author-image
ഫിലിം ഡസ്ക്
New Update
62aa8181-5c05-4224-8198-b76dc68e57c0


ടോക്സിക് ബന്ധങ്ങളെ  വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഫാസിൽ റസാഖിന്റെ 'മോഹ'ത്തിൻ്റെ അവസാന പ്രദർശനം നാളെ (വ്യാഴാഴ്ച) അജന്ത തിയറ്ററിൽ നടക്കും. 

Advertisment

'തടവ്' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഫാസിലിന്റെ രണ്ടാമത്തെ ചിത്രമായ 'മോഹം', മലയാള സിനിമ നൗ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. 

കഥാപരിസരത്തെയും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെയും പതിഞ്ഞ താളത്തിൽ അവതരിപ്പിക്കുന്ന 'മോഹ'ത്തിന്റെ ഒന്നാം പകുതിയിൽ നർമ്മവും പിരിമുറുക്കവും മനോഹരമായി ഇഴചേർത്തിരിക്കുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന അമല എന്ന കഥാപാത്രത്തിലൂടെയും അവളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ഷാനുവിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. 

ലളിതമെന്ന് തോന്നിക്കുന്ന കഥയിൽ നിന്ന് രണ്ടാം പകുതിയിൽ എത്തുമ്പോൾ ചിത്രം ഗൗരവകരമായ മാറ്റത്തിന് വിധേയമാകുന്നു. 

സ്നേഹബന്ധങ്ങളിലെ അടിച്ചമർത്തലുകളും അതിക്രമങ്ങളും സ്ത്രീകളെ എപ്രകാരം ബാധിക്കുന്നു എന്നാണ് ചിത്രം ചർച്ച ചെയ്യുന്നത്. കഥാപാത്രങ്ങളുടെ പരിമിതികളെ അത്രമേൽ തീവ്രമായും യാഥാർത്ഥ്യബോധത്തോടെയുമാണ് സിനിമ ആവിഷ്കരിക്കുന്നത്. ചിത്രത്തിലെ ഘടനാപരമായ മാറ്റം കഥാപാത്രങ്ങളെ കൂടുതൽ സഹാനുഭൂതിയോടെ നോക്കിക്കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു.

പ്രധാന കഥാപാത്രമായ അമലയെ അവതരിപ്പിച്ച അമൃത കൃഷ്ണകുമാർ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയാണ്. അമൃതയുടെയും സംസ്ഥാന പുരസ്കാര ജേതാവ് ബീന ചന്ദ്രന്റെയും മികച്ച പ്രകടനങ്ങൾ ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. 

ഫാസിൽ റസാഖിന്റെ വേറിട്ട ആഖ്യാനശൈലി 'മോഹ'ത്തെ മേളയിലെ ശ്രദ്ധേയമായ സിനിമകളിൽ ഒന്നാക്കി മാറ്റുന്നു.

Advertisment