/sathyam/media/media_files/I6L5m7ZEpNdLganu6Ds4.jpg)
സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ഇന്നേവരെ ആരും ചെയ്യാത്ത രീതിയിലുള്ള സെല്‍ഫ് പ്രൊമോഷനിലൂടെ രംഗത്തെത്തിയ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കൊഴുക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പൂനം പാണ്ഡേ ക്യാന്‍സര്‍ ബാധിച്ച് മരിച്ചുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ നടിയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയിരിക്കുകയാണ്.
ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളുടെ പേരില്‍ സെല്‍ഫ്-പ്രൊമോഷനുകള്‍ ചെയ്യുന്നത് അനുവദിച്ച് നല്‍കാനാകില്ലയെന്നാണ് അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോയേഷന്‍ എക്സില്‍ പ്രസ്തവാന പങ്കുവെച്ചുകൊണ്ട് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച താരത്തിനെതിരെ കേസെടുക്കണമെന്നും സിനിമ സംഘടന പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് സംഘടന മുംബൈയിലെ വിഖ്രോളി പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ വീട്ടില്‍ പൂനം പാണ്ഡെയെ മരിച്ച നിലയില്‍ താരത്തെ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാര്‍ത്ത ആദ്യം വെളിപ്പെടുത്തിയത്. പൂനം പാണ്ഡെയുമായി ബന്ധമുള്ളവര്‍ വാര്‍ത്ത സ്ഥിരീകരിക്കുകയും രാജ്യത്തെ എല്ലാ മാധ്യമങ്ങളും ആ വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നാലെ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് അഭ്യൂഹം വന്നുതുടങ്ങി. ഇതോടെ മാധ്യമങ്ങള്‍ പൂനം പാണ്ഡെയുടെ കുടുംബത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എല്ലാവരും ഔട്ട് ഓഫ് കവറേജ് ആയിരുന്നു.
പിന്നാലെ താന്‍ മരിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൂനം പാണ്ഡെ തന്നെ രംഗത്തെത്തി. രൂക്ഷ വിമര്‍ശനമാണ് പൂനം പാണ്ഡെക്കെതിരെ ഉയര്‍ന്നത്. വീഡിയോയില്‍ ആരോഗ്യവതിയായിരുന്നു പൂനം. താന്‍ മരിച്ചെന്ന വാര്‍ത്ത പരമാവധി പ്രചരിക്കാന്‍ അവര്‍ അവസരം നല്‍കിയെന്നും വിമര്‍ശനമുയരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താന്‍ മരണവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പൂനം പറയുന്നു. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ചാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് നിങ്ങള്‍ക്കൊരു സര്‍പ്രൈസ് ഉണ്ടാകുമെന്ന് പൂനം പോസ്റ്റ് ചെയ്തിരുന്നു.