പനാജി: 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തുടക്കം. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകൾ തിങ്കളാഴ്ച വെെകിട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്നു. കേന്ദ്ര വാർത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂറും കേന്ദ്ര വാർത്താ വിനിമയ സഹമന്ത്രി എൽ. മുരുകനും ചേർന്ന് ദീപം തെളിയിച്ചുകൊണ്ടാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
'വസുദൈവ കുടുംബകം' എന്ന ആശയത്തിലൂന്നിയതാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയെന്ന് അനുരാഗ് ഠാക്കൂർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്വാഗത പ്രസംഗം നടത്തി.
അഭിനേതാക്കളായ മാധുരി ദീക്ഷിത്ത്, വിജയ് സേതുപതി, പങ്കജ് ത്രിപാഠി, സണ്ണി ഡിയോൾ, സാറ അലിഖാൻ, ഷാഹിദ് കപൂർ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സംഗീത സംവിധായകൻ ശന്തനു മൊയ്ത്ര, ഗായകരായ ശ്രേയ ഘോഷാൽ, സുഖ് വീന്ദർ സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കിൾ ഡഗ്ലസിനു സമ്മാനിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് നടി മാധുരി ദീക്ഷിത്തിന് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.
ബ്രിട്ടനിൽ നിന്നുള്ള 'കാച്ചിങ് ഡസ്റ്റ്' ആയിരുന്നു ഉദ്ഘാടന ചിത്രം. ഇന്ത്യൻ പനോരമയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും. ആനന്ദ് ഏകാർഷി സംവിധാനം ചെയ്ത 'ആട്ട'മാണ് (മലയാളം) പനോരമയിലെ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. രോഹിത് എം.ജി കൃഷ്ണന്റെ 'ഇരട്ട', ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി, ജ്യോതിക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതൽ', വിഷ്ണു ശങ്കർ സംവിധാനം ചെയ്ത 'മാളികപ്പുറം', രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്', ഗണേഷ് രാജിന്റെ 'പൂക്കാലം' എന്നിവയാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ. കൂടാതെ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ കന്നട ചിത്രം 'കാന്താ'ര, വിവേക് അഗ്‌നിഹോത്രിയുടെ 'വാക്സിൻ വാർ', വെട്രിമാരന്റെ 'വിടുതലൈ' എന്നിവയും പ്രദർശനത്തിനെത്തും.
സംവിധായകൻ ശേഖർ കപൂറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ. പതിനഞ്ച് സിനിമകളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താര, സുധാൻഷു സരിയ സംവിധാനം ചെയ്ത സനാ, മൃണാൽ ഗുപ്തയുടെ മിർമീൻ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ഇന്ത്യൻ സിനിമകൾ. ജോർജിയോ ദിമിത്രി സംവിധാനം ചെയ്ത ലൂബോ, കാനേഡിയൻ ചിത്രം അസോങ് തുടങ്ങിയ ചിത്രങ്ങൾ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തും.