ചിയാന്‍ വിക്രമിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. നവംബര്‍ 24 ന് ഇറങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിനായകന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച കഥാപാത്രമാകും 'ധ്രുവ നച്ചത്തിര'ത്തിലേതെന്ന് പറയുകയാണ് സംവിധായകന്‍ ഗൗതം മേനോന്‍. 'വിനായകന്‍ സാറിനെ ഇത്രയും സ്‌റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും.' എന്ന് പറയുകയാണ് ഗൗതം മേനോന്‍.
ഗൗതം മേനോന്റെ വാക്കുകള്‍:
''വിനായകന്‍ സാറിനെപ്പോലെ വലിയ നടനെ ഡീല്‍ ചെയ്യുക അത്ര എളുപ്പമല്ല. കാരണം അദ്ദേഹത്തിനു ചില കാര്യങ്ങളില്‍ കൃത്യമായ ധാരണ ആവശ്യമാണ്. കഥാപാത്രത്തിന്റെ സ്‌റ്റൈല്‍, വേഷം, എന്തു മൂഡ് ആണ് ഞാന്‍ അദ്ദേഹത്തിനുവേണ്ടി ഉണ്ടാക്കുന്നത് ഇതൊക്കെ അറിഞ്ഞിരിക്കണം. വിനായകന്റെ പെര്‍ഫോമന്‍സ് തന്നെ ഓവര്‍ ഷാഡോ ചെയ്യുമോ എന്ന സംശയം വിക്രം സാറിനും ഇല്ലായിരുന്നു. അവര്‍ വളരെ കൂള്‍ ആയിരുന്നു. പല സീനുകളിലും സ്‌പോട്ടില്‍ ഇരുന്ന് വിനായകനു മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം സര്‍ ആണ്. ഒരു ആക്ഷന്‍ സീനില്‍, അത് ഇങ്ങനെ ചെയ്യാം, അങ്ങനെ ചെയ്യാം എന്ന് അവര്‍ രണ്ടു പേരും ചര്‍ച്ച ചെയ്താണ് അഭിനയിച്ചത്. അതൊക്കെ വളരെ സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു.
സിനിമയ്ക്കു വേണ്ടി കൃത്യമായ അഭിനേതാക്കളെയാണ് ഞാന്‍ തിരഞ്ഞെടുത്തതെന്നതില്‍ ഭാഗ്യവാനാണ്. ഒരു പ്രശ്‌നവും സൃഷ്ടിക്കാതെ, എനിക്കു വേണ്ടതെന്തോ അതെല്ലാം അവര്‍ നല്‍കി. വിനായകന്‍ സാറിനെ ഇത്രയും സ്‌റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും. ദിവ്യദര്‍ശിനിയാണ് വിനായകന്റെ കാര്യം എന്നോടു പറയുന്നത്. ഒരു വില്ലനെ ഞാന്‍ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുനോക്കാന്‍ എന്നോടു പറയുന്നത്. ഇത് അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ്.
ഈ അടുത്തും അദ്ദേഹം ഡബ്ബിങ്ങിനു വന്നു പോയിരുന്നു. പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ ഒരു ദിവസം കൂടി വേണമായിരുന്നു. പക്ഷേ അദ്ദേഹത്തെ കിട്ടിയില്ല. ഫോണില്‍ ഒരു മെസേജ് അയച്ചു, ''സര്‍, നിങ്ങള്‍ ഈ സിനിമയില്‍ എന്താണ് ചെയ്തിരിക്കുന്നതെന്ന് അറിയുന്നുണ്ടാകില്ല, പക്ഷേ ഈ സിനിമ റിലീസ് ചെയ്തു കഴിയുമ്പോള്‍ അത് മനസ്സിലാകും.''- ഗൗതം മേനോന്‍ പറഞ്ഞു. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം 2016 ല്‍ പൂര്‍ത്തിയായതാണ്. എന്നാല്‍ റിലീസ് തിയ്യതി അനിശ്ചിതമായി ഇങ്ങനെ നീണ്ടു പോവുകയായിരുന്നു. ഋതു വര്‍മ്മ, സിമ്രാന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യ ദര്‍ശിനി എന്നീ വമ്പന്‍ താരനിരയാണ് വിക്രം നായകനായ ചിത്രത്തില്‍ അണിനിരക്കുന്നത്.
ജോണ്‍ എന്ന സീക്രട്ട് ഏജന്റ് ആയാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.