/sathyam/media/media_files/ms7I6mDevKzlBAAA4jAI.jpg)
വീട്ടില്‍ പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാര്‍ക്ക് മുറ്റത്ത് കുഴികുത്തി ഇല വെച്ച് പഴങ്കഞ്ഞി നല്‍കിയ അനുഭവം പറഞ്ഞ കൃഷ്ണകുമാറിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ജോലിക്കാര്‍ക്ക് മണ്ണില്‍ കുഴികുത്തി ഭക്ഷണം നല്‍കിയിരുന്ന രീതിയെ വളരെ സാധാരണമെന്ന രീതിയിലാണ് കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് ഈ വിവാദ പരാമര്‍ശം അടങ്ങിയിരിക്കുന്നത്. വീട്ടില്‍ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്‍ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നുമാണ് കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ''കൃഷണകുമാറിന്റെ കുഴികഞ്ഞിയുടെ ഭൂതകാലകുളിരിനോട് കേരളത്തിലെ ബിജെപി നേത്യത്വം യോജിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കേരളം മുഴുവന്‍ കുഴികഞ്ഞി ഫെസ്റ്റ് നടത്തുക..അല്ലെങ്കില്‍ ആ മാടമ്പി കുളിരിനോട് കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ പറയുക...തീരുമാനമെടുക്കേണ്ടത് ബിജെപിയാണ്...''- എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് കൃഷ്ണകുമാറിന്റെ വിവാദ പരാമര്‍ശം. അച്ഛന് എഫ്എസിടിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ കാര്യമാണ് കൃഷ്ണകുമാര്‍ ഓര്‍ത്തെടുക്കുന്ന വീഡിയോ അഞ്ചുമാസം മുന്‍പുള്ളതാണ്. എന്നാല്‍ ഇപ്പോഴാണ് ഇത് വൈറലാകുന്നതും ചര്‍ച്ചയാകുന്നതും. കൊച്ചിയിലെ ഹോട്ടല്‍ മാരിയറ്റ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മകളെക്കുറിച്ചാണ് കൃഷ്ണകുമാര്‍ പറയുന്നത്.
എന്നാല്‍, പഴയ കാലത്തെ മനുഷ്യത്വ രഹിതമായ സംഭവത്തെ വലിയ കാര്യമെന്ന മട്ടിലാണ് കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്നതെന്നാണ് ഉയരുന്ന വ്യാപക വിമര്‍ശനം. പണ്ട് കാലത്ത് തന്റെ വീട്ടില്‍ ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളെ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന കൃഷ്ണ കുമാറിന്റെ വീഡിയോ സോഷ്യല്‍മീഡിയയും ഏറ്റെടുത്തു. ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് മണ്ണില്‍ കുഴി കുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്പ്രാദയത്തെക്കുറിച്ചായിരുന്നു നടന്‍ വീഡിയോയില്‍ പരാമര്‍ശിക്കുന്നത്.