നടി തൃഷയ്ക്കെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ നടന് മന്‍സൂര്‍ അലി ഖാനെതിരെ പ്രതിഷേധം കനക്കുന്നു. ലോകേഷ് കനകരാജും നടി മാളവിക മോഹനനും മന്‍സൂറിനെതിരെ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ മലയാള നടന്‍ ഹരിശ്രീ അശോകന്റെ മന്‍സൂര്‍ അലി ഖാനെതിരായ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.'സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകന്‍ മന്‍സൂര്‍ അലി ഖാനെ പറ്റി സംസാരിച്ചത്.
സത്യം ശിവം സുന്ദരം ലൊക്കേഷനില്‍ വെച്ച് തനിക്ക് മന്‍സൂര്‍ അലി ഖാനില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നു എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. മന്‍സൂര്‍ രണ്ട് മൂന്ന് തവണ കൈയില്‍ ഇടിച്ചുവെന്നും നെഞ്ചില്‍ ചവിട്ട് കിട്ടിയെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ട് അദ്ദേഹം മൈന്‍ഡ് ചെയ്തിട്ടില്ലെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു.
ഹരിശ്രീ അശോകന്റെ വാക്കുകള്‍ ഇങ്ങനെ 'സത്യം ശിവം സുന്ദരം സിനിമയില്‍ എന്നെയും ഹനീഫിക്കയെയും മന്‍സൂര്‍ അലി ഖാന്‍ ബസ് സ്റ്റാന്‍ഡില്‍ ഇട്ട് തല്ലുന്ന സീന്‍ ഉണ്ട്. ഞങ്ങള്‍ അന്ധന്‍മാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വയ്ക്കണം. അപ്പോള്‍ നമുക്ക് ഒന്നും കാണാന്‍ പറ്റില്ല. മന്‍സൂര്‍ അലിഖാന്‍ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ട് കിട്ടി.
ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ പറ്റില്ല എന്ന് ഞാന്‍ ഒരു തവണ പറഞ്ഞു. പുള്ളി മൈന്‍ഡ് ചെയ്തില്ല. രണ്ടാമതും ചവിട്ടി. ഞാന്‍ നിര്‍ത്താന്‍ പറഞ്ഞു. 'നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനി നീയെന്റെ ദേഹത്ത് തൊട്ടാല്‍ മദ്രാസ് കാണില്ലെന്ന്' ഞാന്‍ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാള്‍.
നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാള്‍ ഇവിടുന്ന് പോകില്ല. ഞാന്‍ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു. ഒരു ബോധമില്ലാത്ത നടനാണ് ഈ മന്‍സൂര്‍ അലി ഖാന്‍. അയാള്‍ക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാള്‍ക്കെതിരെ നൂറ്റി അന്‍പതോളം കേസുകള്‍ ഉണ്ട്. ഇപ്പോഴും ജയിലിലാണ്. വീട്ടില്‍ വല്ലപ്പോഴുമാണ് വരുന്നത്' ഹരിശ്രീ അശോകന്‍ പറഞ്ഞു.
ലിയോയില്‍ തൃഷയ്ക്കൊപ്പം ബലാത്സംഗ സീന്‍ ഇല്ലാത്തതില്‍ നിരാശയുണ്ടെന്ന് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെ മന്‍സൂറിനൊപ്പം അഭിനയിക്കില്ലെന്ന് അറിയിച്ച് തൃഷയും നിരാഷയും രോഷവും അറിയിച്ച് ലോകേഷ് കനകരാജും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഹരിശ്രീ അശോകന്റെ അഭിമുഖവും ചര്‍ച്ചയാകുന്നത്.