/sathyam/media/media_files/2025/11/10/ss-rajamouli-2025-11-10-22-47-17.jpg)
ഹൈദരാബാദ്: ബാഹുബലിയുടെ സംവിധായകനില്‍നിന്ന് ഇന്ത്യന്‍ വെള്ളിത്തിരയില്‍ മറ്റൊരു ഹിറ്റിനായി ആരാധകരും ചലച്ചിത്രാസ്വാദകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.
സംവിധായകന്‍ എസ്.എസ്. രാജമൗലിയില്‍നിന്ന് അതില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുമില്ല. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന പാന്‍-ഇന്ത്യന്‍ ചിത്രം റിലീസിനായുള്ള ഒരുക്കത്തിലാണ്.
ദിവസങ്ങള്‍ക്ക് മുമ്പ്, നിര്‍മാതാക്കള്‍ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് ആവേശത്തോടെയാണ് ഏറ്റെടുത്തത്.
ഇപ്പോള്‍, നവംബര്‍ 15ന് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ എന്തു സംഭവിക്കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള വലിയ വെളിപ്പെടുത്തല്‍ റാമോജിയില്‍ നടക്കുന്ന വലിയ ചടങ്ങിലുണ്ടാകുമെന്ന് താരങ്ങളും അണിയറക്കാരും പറയുന്നു. 50,000ലേറെപ്പേര്‍ പങ്കെടുക്കുന്ന വമ്പന്‍ പരിപാടിക്കാണ് ഹൈദരാബാദ് സാക്ഷ്യം വഹിക്കുക.
ചലച്ചിത്രാസ്വാദകരെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്ന ഒരു വീഡിയോ ബോളിവുഡ് സൂപ്പര്‍നായിക പ്രിയങ്ക ചോപ്ര സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
റാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന മഹാസംഭവത്തില്‍ തങ്ങളോടൊപ്പം എല്ലാവരും പങ്കെടുക്കൂ എന്നാണ് താരം പറഞ്ഞത്.
അതേസമയം, ഇതുവരെ വെളിപ്പെടുത്താത്ത ചിത്രത്തിന്റെ പേര് റാമോജി ഇവന്റില്‍ പ്രഖ്യാപിക്കുമെന്നാണ് അണിയറക്കാരോട് അടുപ്പമുള്ളവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
ചിത്രത്തിന്റെ പേര് പ്രഖ്യാപനത്തിന് ഇതിലും നല്ലൊരു വേദിയുണ്ടാകില്ലെന്നതും ഇതിനു ബലം നല്‍കുന്നു.
പൃഥ്വിരാജിന്റെ വില്ലന്‍ കഥാപാത്രം കുംഭയുടെ ശക്തമായ ഫസ്റ്റ് ലുക്ക് ഇന്റര്‍നെറ്റില്‍ ആവേശമുയര്‍ത്തിയിരുന്നു.
ഇപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റര്‍ വന്‍ തരംഗമാണു സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഇവന്റുകളില്‍ ഒന്നായിരിക്കും റാമോജിയില്‍ സംഭവിക്കാനൊരുങ്ങുന്നതെന്നും അണിയറക്കാര്‍ പറഞ്ഞു.
നാളുകളായി SSMB29 ആണ് സിനിമാരംഗത്തെ പ്രധാന ചര്‍ച്ചാവിഷയം. RRR ന് ശേഷം, രാജമൗലിയുടെ അടുത്ത ചിത്രത്തിനായി എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്കു ശേഷം പ്രിയങ്കയുടെ ഇന്ത്യന്‍ ചലച്ചിത്രമേഖലയിലേക്കുള്ള തിരിച്ചുവരവായിരിക്കും ഈ ചിത്രം. ദി സ്‌കൈ ഈസ് പിങ്ക് (2019) ആയിരുന്നു പ്രിയങ്കയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us