ഹൈദരാബാദ്: റാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രമായ ഗെയിം ചെയ്ഞ്ചറിന്റെ ആദ്യ ദിന കളക്‌ഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങൾ വ്യാജമെന്ന് റിപ്പോർട്ട്.
സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ആണ് അവിശ്വസനിയമായ ആദ്യ ദിന കണക്കുകൾ പ്രചരിപ്പിച്ച് രംഗത്തെത്തിയത്. ചിത്രത്തിന്റെ ആദ്യദിന കളക്‌ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്.
186 കോടിയാണ് സിനിമയുടെ ആഗോള കളക്‌ഷൻ എന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. നൂറ് കോടി രൂപ പെരുപ്പിച്ചു കാട്ടിയെന്നാണ് വിമർശനം.
ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിക്കു തന്നെ നാണക്കേടാകുന്ന പ്രവൃത്തിയാണ് ‘ഗെയിം ചെയ്ഞ്ചർ’ ടീം ചെയ്തതെന്നാണ് ഫിലിം ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.
യഥാർഥത്തിൽ ആഗോള കളക്‌ഷനായി 86 കോടിയാണ് സിനിമ കളക്ട് ചെയ്തതെന്നും കോടികളുടെ തള്ളുകൾ സിനിമാ ഇൻഡസ്ട്രിക്കു തന്നെ വിനയായി തീരുമെന്നും ഇവർ പറയുന്നു.
സിനിമയുടെ പോസിറ്റിവ് റിപ്പോർട്ടുകൾക്കു വേണ്ടി കലക്‌ഷൻ തുകകൾ പത്തും പതിനഞ്ചും ശതമാനം ഉയർത്തി ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കാറുണ്ട്.
എന്നാൽ ഗെയിം ചെയ്ഞ്ചർ ടീം ഇപ്പോൾ പുറത്തുവിട്ട കണക്ക് തെലുങ്ക് ഇൻഡസ്ട്രിയെ ഒന്നാകെ നാണം കെടുത്തിയെന്നും വിമർശനം ഉയരുന്നുണ്ട്.
തെലുങ്ക് ഒഴികെ മലയാളം, തമിഴ്, ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിൽ ഗെയിം ചെയ്ഞ്ചറിന് മോശം പ്രതികരണമായിരുന്നു. കേരളത്തിൽ പലയിടത്തും പകുതി ആളുകൾ മാത്രമാണ് തിയറ്ററുകളിൽ എത്തിയത്. അതേസമയം ഇന്ത്യൻ 2വിനേക്കാൾ ഭേദമാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.