28ാമത് ചലച്ചിത്ര മേള: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

എട്ട്  ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

author-image
ഫിലിം ഡസ്ക്
New Update
iffk registration.jpg

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ട് മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം.

Advertisment

എട്ട്  ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ക്യൂബന്‍ ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 28ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും.

ഡിസംബര്‍ എട്ടിന് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് നല്‍കി കെനിയന്‍ സംവിധായിക വനൂരി കഹിയുവിനെ ആദരിക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

iffk 2023
Advertisment