ഇന്ദ്രൻസിന് വീണ്ടും കുരുക്ക്; പത്താം ക്ലാസ് പഠിക്കണമെങ്കിൽ ഏഴ് ജയിക്കണം

ദിവസങ്ങള്‍ക്കുമുമ്പ് നവകേരളസദസ്സിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും

author-image
ഫിലിം ഡസ്ക്
New Update
67743267


കുട്ടിക്കാലത്തെ ജീവിതസാഹചര്യം കാരണം സ്‌കൂള്‍പഠനം മുടങ്ങിയ നടന്‍ ഇന്ദ്രന്‍സിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിന് വീണ്ടും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടമാണ് ഇന്ദ്രന്‍സിന്റെ ഇപ്പോള്‍ വിനയായി മാറിയിരിക്കുന്നത് . അതിനാല്‍ ഇന്ദ്രന്‍സ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എങ്കില്‍ മാത്രമേ പത്തില്‍ പഠിക്കാനാവൂ.

Advertisment

ദിവസങ്ങള്‍ക്കുമുമ്പ് നവകേരളസദസ്സിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓര്‍മയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രന്‍സിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി. ഒലീന വ്യക്തമാക്കി. എന്നാല്‍ ഏഴാം ക്ലാസ് ജയിച്ചതിന്റെ തെളിവ് ഇല്ലാത്തതാണ് തുടര്‍ പഠനത്തിന് തടസം. ക്ലാസില്‍ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രന്‍സിന് പഠിക്കാനാകും. ഏഴുമാസം നീളുന്ന പഠനത്തില്‍ ഇന്ദ്രന്‍സിന് ഇളവുനല്‍കും. 

യു.പി. ക്ലാസുകളില്‍ പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ 'അക്ഷരശ്രീ' പ്രകാരം ഇന്ദ്രന്‍സിനെ പത്താംക്ലാസില്‍ പഠിപ്പാക്കാനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്. യു.പി. പഠനത്തിന്റെ കൂടുതല്‍രേഖകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഇന്ദ്രന്‍സിനെ തുടര്‍പഠനത്തിന് പ്രേരിപ്പിച്ച മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലറും സുഹൃത്തുമായ ഡി.ആര്‍. അനില്‍ പറഞ്ഞു. ഷൂട്ടിങ് തിരക്കുള്ളതിനാല്‍ എല്ലാ ഞായറാഴ്ചയും മെഡിക്കല്‍ കോളേജ് ഗവ. സ്‌കൂളിലെ സെന്ററില്‍ എത്താനാവില്ല. പഠനത്തിന് സ്പെഷ്യല്‍ ക്ലാസ് ഏര്‍പ്പെടുത്തുന്നതടക്കം പരിഗണനയിലാണ്. 

കാല്‍ പതിറ്റാണ്ടോളമായി സിനിമാ മേഖലയില്‍ സജീവമായ സാന്നിധ്യമാണ് ഇന്ദ്രന്‍സ്. ലാളിത്യമാണ് ഇന്ദ്രന്‍സ് എന്ന വ്യക്തിയെ വേറിട്ട് നിര്‍ത്തുന്നത്. വസ്ത്രാലങ്കാരകനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ശേഷമാണ് ഇന്ദ്രന്‍സ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. തന്റെ 67-ാം വയസില്‍ പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേര്‍ന്ന താരത്തിന് വിവിധകോണുകളില്‍ നിന്നും അഭിനന്ദനപ്രവാഹം ലഭിച്ചിരുന്നു. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഇന്ദ്രന്‍സ് പഠിച്ചിരുന്നത്. സ്‌കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. വായനയാണ് ജീവിതത്തെ കുറിച്ച് ഉള്‍ക്കാഴ്ച്ചയുണ്ടാക്കിയതെന്ന് ഇന്ദ്രന്‍സ് പറയുന്നു. 

indrans
Advertisment