/sathyam/media/media_files/yXLneOSrkrPvhS10u0yF.jpg)
ഹൈദരാബാദ്: ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തെലുങ്ക് നടന്‍ ജഗദീഷ് പ്രതാപ് ഭണ്ഡാരിക്ക് ജാമ്യം. സിനിമ സെറ്റിലേയ്ക്ക് നടന്‍ തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്‍ നായകനാകുന്ന ‘പുഷ്പ 2’വിലാണ് ജഗദീഷിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെയാണ് നടന്‍ കൈകാര്യം ചെയുന്നത്.
നവംബര്‍ 29 നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ജഗദീഷ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്ത്യന്‍ ശിക്ഷാ നിയമം 174 വകുപ്പ് ചുമത്തി ഡിസംബര്‍ ആറിനാണ് ഹൈദരാബാദ് പോലീസ് നടനെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ഒടുവില്‍ ജഗദീഷ് കുറ്റം സമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2018 മുതല്‍ അഭിനയരംഗത്ത് സജീവമായുള്ള ജഗദീഷ് അല്ലു അര്‍ജുന്റെ ‘പുഷ്പ’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അല്ലു അര്‍ജുന്‍ അവതരിപ്പിച്ച പുഷ്പയുടെ അടുത്ത സുഹൃത്തായ കേശവ എന്ന കഥാപാത്രമായാണ് ജഗദീഷ് ചിത്രത്തിലെത്തിയത്. ജഗദീഷിന്റെ അറസ്റ്റ് സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ ബാധിച്ചിരുന്നു. 2024 ഓഗസ്റ്റ് 15-ന് പുഷ്പ 2 റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.