ധുരന്ധറിന്റെ ആഗോളവിജയം അക്ഷയ് ഖന്നയുടെ തലക്കനം കൂട്ടി; താരം ഒന്നുമല്ലാതിരുന്ന കാലമുണ്ടായിരുന്നു, ദൃശ്യം 3-ല്‍ ഖന്നയ്ക്കു പകരം ജയ്ദീപ്

author-image
ഫിലിം ഡസ്ക്
New Update
1200-675-25691897-500-25691897-1766828791305

ദൃശ്യം 3-യില്‍നിന്ന് മുന്നറിയിപ്പില്ലാതെ പിന്മാറുകയും കരാര്‍ ലംഘിക്കുകയും ചെയ്ത അക്ഷയ് ഖന്നയ്‌ക്കെതിരെ നിയമനടപടികളുമായി നിര്‍മാതാവ്. താരത്തിന് വക്കീല്‍ നോട്ടീസ് അയച്ചതായി കുമാര്‍ മംഗദ് പഥക് പറഞ്ഞു. ധുരന്ധറിന്റെ ആഗോള വിജയശേഷം കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ പ്രതിഫലം അക്ഷയ് ഖന്ന ആവശ്യപ്പെട്ടിരുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ദൃശ്യം 3-ല്‍ നിന്നു പിന്മാറാന്‍ കാരണം.
 
ദൃശ്യം 3-യ്ക്കായി കഴിഞ്ഞ മാസം ഖന്നയുമായി കരാറില്‍ ഒപ്പുവച്ചിരുന്നതായി പഥക് പറഞ്ഞു. അഡ്വാന്‍സ് പ്രതിഫലവും നല്‍കിയിരുന്നു. തുടര്‍ന്ന് കരാറില്‍ രേഖപ്പെടുത്താത്ത കാര്യങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനെ ബാധിച്ചതിനാല്‍ വെള്ളിയാഴ്ച ജയ്ദീപ് അഹ്ലാവത്തിനെ കാസ്റ്റ് ചെയ്തു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ്, പ്രതിഫലത്തുകയിലും ധാരണയില്‍ എത്തിയിരുന്നതായും പഥക് വെളിപ്പെടുത്തി.

Advertisment

ദൃശ്യം 3-യില്‍ വിഗ് വയ്ക്കണമെന്ന് ഖന്ന ആവശ്യപ്പെട്ടതായും പഥക്. എന്നാല്‍ സംവിധായകന്‍ അതു നിരാകരിക്കുകയായിരുന്നു. കാരണം, കഥാപാത്രത്തിന്റെ തുടര്‍ച്ചയെ ബാധിക്കും. പിന്മാറ്റത്തിനു കാരണം എന്താണെന്നു വ്യക്തമല്ല. വിഗ് അല്ലെങ്കില്‍ കൂടുതല്‍ പ്രതിഫലം വേണമെന്ന ആവശ്യമാണോ കാരണമെന്ന് വ്യക്തമല്ല. ഒരു മെസേജ് മാത്രമാണ് അയച്ചത്. ഇതുവരെ വക്കീല്‍ നോട്ടീസിനു മറുപടി പോലും നല്‍കിയില്ല. അടുത്ത നടപടി ആലോചിച്ചു തീരുമാനിക്കും. 

ധുരന്ധറിന്റെ വിജയം അക്ഷയ് ഖന്നയുടെ തലക്കനം കൂട്ടി. ഖന്ന ഒന്നുമല്ലാതിരുന്ന കാലമുണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് ഖന്നയെ കേന്ദ്രകഥാപാത്രമാക്കി 2019ല്‍ സെക്ഷന്‍ 375 എന്ന സിനിമ ചെയ്യുന്നത്. ഖന്നയുടെ പ്രൊഫഷണലല്ലാത്ത പെരുമാറ്റം ലൊക്കേഷനെ ബാധിച്ചിരുന്നു. ഖന്നയോടൊപ്പം പ്രവര്‍ത്തിക്കരുതെന്ന് ബോളിവുഡിലെ നിരവധി സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്. സെക്ഷന്‍ 375 എന്ന സിനിമ ഖന്നയ്ക്ക് കരിയറില്‍ വലിയ അംഗീകാരം നേടിക്കൊടുത്തു. പിന്നീട് ദൃശ്യം 2-ന്റെ ഭാഗമാക്കി. ദൃശ്യം രണ്ടാം പതിപ്പിനുശേഷമാണ് ഖന്നയ്ക്ക് വലിയ പ്രോജക്ടുകള്‍ ലഭിച്ചുതുടങ്ങിയതെന്നും പഥക് പറഞ്ഞു.

ദൃശ്യം 3- 2026 ഒക്ടോബര്‍ രണ്ടിന് തിയറ്ററുകളില്‍ എത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ദൃശ്യം ഹിന്ദി പതിപ്പില്‍ സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ ആണ് നായകനാകുന്നത്. മുന്‍ പോലീസ് ഉദ്യോഗസ്ഥയായ മീര ദേശ്മുഖ് എന്ന കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്. ദൃശ്യം 2 ല്‍ , മീരയുടെ മകന്‍ സാമിന്റെ കൊലപാതകം അന്വേഷിക്കുന്ന ഐജി തരുണ്‍ എന്ന കഥാപാത്രത്തെയാണ് ഖന്ന അവതരിപ്പിച്ചത്.

Advertisment