/sathyam/media/media_files/3Ilvq7bMFpR48hnMb2fr.jpg)
മുംബൈയില്‍ അത്യാഡംബര ബംഗ്ലാവ് സ്വന്തമാക്കി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. ഖാര്‍ ഏരിയയിലാണ് ആഡംബര ബംഗ്ലാവ് ജോണ്‍ എബ്രഹാം സ്വന്തമാക്കിയത്. 5,416 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ബംഗ്ലാവിന് 70.83 കോടി രൂപയോളം വിലയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന 7,722 ചതുരശ്ര അടി സ്ഥലവും താരം വാങ്ങിയിട്ടുണ്ട്.
വസ്തുവിന് ജോണ്‍ 4.24 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചുവെന്ന് മണികണ്‍ട്രോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഡിസംബര്‍ 27നായിരുന്നു സ്ഥലവും ബംഗ്ലാവും താരത്തിന്റെ പേരിലേക്ക് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. മുംബൈയിലെ ഏറ്റവും തിരക്കേറിയ റീട്ടെയില്‍ ഹൈ സ്ട്രീറ്റുകളിലൊന്നായ ഖാറിലെ ലിങ്കിംഗ് റോഡിലാണ് ബംഗ്ലാവുള്ളത്.
യു.എസിലെ പെന്‍സില്‍വേനിയയില്‍ താമസിക്കുന്ന പ്രവീണ്‍നാഥലാല്‍ ഷായുടെയും കുടുംബത്തിന്റെയും പേരിലുള്ളതാണ് ബംഗ്ലാവ്. ഷായുടെ കുടുംബത്തിലെ പത്തുപേരുമായി ഡിസംബര്‍ 27-ന് ഇടപാടു പൂര്‍ത്തിയാക്കിയതായി 'ഇന്‍ഡെക്സ്ടാപ് ഡോട്ട് കോം' എന്ന വെബ്സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ ബാന്ദ്ര വെസ്റ്റിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് താരം താമസിക്കുന്നത്.
ജോണ്‍ എബ്രഹാമിന്റെ പുതിയ വാസസ്ഥലം മുംബൈ സിറ്റിയുടെ വൈബ്രന്റ് ഏരിയകളില്‍ ഒന്നാണ്. വാണിജ്യപരമായ പ്രാധാന്യം കൊണ്ടുമാത്രമല്ല, ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും പേരുകേട്ടതാണ് ഈ സ്ഥലം. വിവരങ്ങള്‍ അനുസരിച്ച്, ഖറിന്റെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റില്‍ ഒരു ചതുരശ്ര അടിക്ക് 40,000 മുതല്‍ 90,000 രൂപ വരെയാണ് വില. അതേസമയം, ജോണ്‍ എബ്രഹാം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.