/sathyam/media/media_files/2025/10/23/kalamkaval-release-2025-10-23-19-22-15.jpg)
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" റിലീസ് തീയതി പുറത്ത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് മലയാള സിനിമാ പ്രേമികൾ "കളങ്കാവൽ" കാത്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്.
കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും വലിയ ആവേശവും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും "കളങ്കാവൽ" എന്നാണ് ചിത്രത്തിന്റെ ഓരോ പ്രോമോ കണ്ടന്റുകളും നൽകുന്ന പ്രതീക്ഷ. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.