സംവിധായകൻ അൽഫോൺസ് പുത്രൻ സംവിധാനം നിർത്താൻ പോകുന്നു എന്ന പ്രഖ്യാപനം സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇങ്ങനെയൊരു പോസ്റ്റ് പങ്കുവച്ചത്. ഓട്ടിസം സ്പെക്ട്രം ഡിസോഡർ ഉണ്ടെന്ന് താൻ തന്നെ കണ്ടെത്തിയെന്നും ആർക്കും ബാദ്ധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൺസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ അൽഫോൺസ് പുത്രനെ കുറിച്ച് സംസാരിക്കുകയാണ് കാർത്തിക് സുബ്ബരാജ്.
സിനിമ സീരിയസായി കാണാൻ തുടങ്ങിയപ്പോൾ ആദ്യമായി കണ്ട ചിത്രം ഷാവ്ഷാങ്ക് റിസംപ്ഷൻ ആണ്. അതിന് ശേഷം കണ്ട ഒരുപാട് സിനിമകൾ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും കാർത്തിക് പറയുന്നു. അൽഫോൺസിനോട് അടുത്തിടെ സംസാരിച്ചെന്നും അദ്ദേഹം ഇനിയും സിനിമകൾ ചെയ്യുമെന്ന് വിശ്വാസമുണ്ടെന്നും കാർത്തിക് പറഞ്ഞു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർത്തിക്കിന്റെ വാക്കുകൾ ഇങ്ങനെ 'ഞാൻ കണ്ട് വളർന്ന ഇഗ്ലീഷ് സിനിമകൾ ജുറാസിക് പാർക്കും കമ്മാൻഡോയുമെല്ലാം ആയിരുന്നു. സിനിമ വളരെ സീരിയസായി കാണാൻ തുടങ്ങിയപ്പോൾ ഞാൻ ആദ്യമായി കണ്ട ഇംഗ്ലീഷ് ഫിലിം ഷാവ്ഷാങ്ക് റിഡംപ്ഷൻ ആയിരുന്നു. എന്റെ സുഹൃത്തായിരുന്നു അങ്ങനെയുള്ള സിനിമകൾ കാണണമെന്ന് എന്നോട് പറഞ്ഞത്. അന്ന് മുതലാണ് ഇംഗ്ലീഷ് സിനിമകൾ കൂടുതലായി കാണാൻ തുടങ്ങിയത്.
പൾപ്പ് ഫിക്ഷൻ അങ്ങനെയാണ് ഞാൻ കാണുന്നത്. ഗുഡ് ഫെല്ലാസ് എന്ന ചിത്രമെല്ലാം അതിന് ശേഷമാണ് ഞാൻ കണ്ടത്. അപ്പോഴാണ് ഓരോ സംവിധായകരുടെയും വ്യത്യസ്ത പെർസ്പെക്ടീവുകളെ കുറിച്ച് ഞാൻ മനസിലാക്കാൻ തുടങ്ങിയത്. ടെറന്റീനോയുടെ സിനിമകളും കോയിൻ ബ്രദേർസിന്റെ സിനിമകളുമെല്ലാം വലിയ രീതിയിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
ഗയ് റിച്ചിയുടെ സിനിമകൾ ഞാൻ കാണാറുണ്ടായിരുന്നു എന്നാൽ ഞാൻ അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ആരാധകൻ ഒന്നുമല്ലായിരുന്നു. എന്നാൽ അൽഫോൺസ് പുത്രൻ അങ്ങനെ അല്ലായിരുന്നു. അവൻ ഗയ് റിച്ചിയുടെ വലിയ ഫാൻ ആയിരുന്നു. കാരണം അവൻ സിനിമയുടെ എഡിറ്റിങ്ങിന് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. എഡിറ്റിങ്ങിന്റെ പവർ മാക്‌സിമം ഉപയോഗിക്കുന്ന ചിത്രങ്ങൾ ആയിരുന്നു ഗയ് റിച്ചിയുടെ സിനിമകൾ.
ഈയിടെ അൽഫോൺസ് ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. അത് കണ്ട് ഞാൻ അൽഫോൺസിന് മെസ്സേജ് അയച്ചിരുന്നു. ഞങ്ങൾ സംസാരിച്ചു. എനിക്ക് തോന്നുന്നത് അൽഫോൺസ് ഇനിയും ഒരുപാട് മികച്ച സിനിമകൾ ചെയ്യും എന്നാണ്,' കാർത്തിക് സുബ്ബരാജ് പറയുന്നു. അതേസമയം ജിഗർതണ്ട ഡബിൾ എക്‌സ് ആണ് കാർത്തിക്കിന്റേതായി പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രം ബോക്‌സ് ഓഫീസിൽ നേടുന്നത്.