/sathyam/media/media_files/2025/01/02/tMXmMp7cxDL49KSSRXy2.jpg)
കൊച്ചി: തിയേറ്ററിൽ വമ്പൻ വിജയം കൊയ്തുകൊണ്ടിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാർക്കോ. ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രം എന്ന റെക്കോർഡ് ഉണ്ണി മുകുന്ദന്റെ മാർക്കോ നേടിക്കഴിഞ്ഞു. പ്രേക്ഷകർക്ക് കണ്ടിരിക്കാൻ കഴിയാത്തത്ര വയലൻസ് രംഗങ്ങൾ ചിത്രത്തിലുണ്ട്. ഹിന്ദിയിൽ അടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിലെല്ലാം വമ്പൻ സ്വീകരണമാണ് മാർക്കോയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയ്ക്കാണ് മാർക്കോയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നതായി വാർത്ത വരുന്നത്. ഇപ്പോൾ മാർക്കോയിലെ നായകനായ ഉണ്ണിമുകുന്ദൻ തന്നെ നേരിട്ടെത്തി സിനിമ ആരാധകരോട് വ്യാജ പതിപ്പ് കാണരുത് എന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈന്‍ വഴി കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ദയവായി നിങ്ങള്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ കാണരുത്. ഞങ്ങള്‍ നിസ്സഹായരാണ്. വല്ലാത്ത നിസ്സഹായവസ്ഥ തോന്നുന്നു. ഓണ്‍ലൈനില്‍ കൂടി ഇത്തരത്തിലുള്ള വ്യാജ സിനിമകള്‍ കാണാതിരിക്കുക, ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, നിങ്ങള്‍ക്കേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ. ഇതൊരു അപേക്ഷയാണ് – ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് മാർക്കോ. ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
തിയേറ്ററില്‍ നിന്നും അനധികൃതമായി ഷൂട്ട് ചെയ്ത് തയ്യാറാക്കുന്ന ക്വാളിറ്റി കുറഞ്ഞ പ്രിന്റുകളാണ് നേരത്തെ വ്യാപമായി പ്രചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മികച്ച ക്വാളിറ്റിയിലുള്ള പതിപ്പുകളാണ് എത്തുന്നത്. ഇത് സിനിമാവ്യവസായത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിര്‍മാതാക്കളുടെയും സിനിമാസംഘടനകളുടെയും നിയമസംവിധാനങ്ങളുടെയും ഭാഗത്ത് നിന്ന് വിഷയത്തില്‍ ഗൗരവകരമായ നടപടിയുണ്ടാകണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.