കൊച്ചി: സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗതത്തിൽ ആശ്വാസ വാക്കുകളുമായി മുൻപങ്കാളികളായ അഭയ ഹിരൺമയിയും, അമൃത സുരേഷും.
വ്യാഴാഴ്ചയാണ് ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് അന്തരിച്ചത്. അമ്മ വിയോഗ വാർത്ത ഗോപി സുന്ദർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹം വിയോഗ വാർത്ത പുറത്തുവിട്ടത്.
ഇതിനുപിന്നാലെ ഗോപി സുന്ദറിന്റെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് മുൻ പങ്കാളികളായ അഭയ ഹിരൺമയിയും അമൃത സുരേഷും.
‘സംഗീതത്തിലെ നിങ്ങളുടെ നാൾവഴികളെ കുറിച്ച് എനിക്കറിയാം. അമ്മയിലൂടെ കേട്ട സിലോൺ റേഡിയോയിലെ ഒട്ടനവധി തമിഴ് ഗാനങ്ങളിൽ തുടങ്ങിയ യാത്രയാണത്. ഇനിയുള്ള കാലമത്രയും അമ്മ വഴിവിളക്കായി നിങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ.
ഏട്ടാ..ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നിങ്ങൾക്ക് നൽകും. അമ്മയിലൂടെ തന്നെ ആ മുറിവ് സുഖപ്പെടട്ടെ’, എന്നായിരുന്നു അഭയ ഹിരണ്മയി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.
ഗോപി സുന്ദറിനും കുടുംബത്തിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അഭയയയുടെ കുറിപ്പ്. അഭയ ഹിരൺമയിയും ഗോപി സുന്ദറും വർഷങ്ങളോളം ലിവിംഗ് ടുഗദറിലായിരുന്നു.
'അമ്മ, ആദരാഞ്ജലികൾ' എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദറിന്റെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം അമൃത ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ഇതിൽ ഗോപി സുന്ദറിനെ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.