കൊച്ചി: മാർച്ച് മാസത്തെ മലയാള സിനിമയുടെ 'നഷ്ടക്കണക്ക്' പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
മാർച്ച് 31 വരെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ ബജറ്റും അവ നേടിയ കളക്ഷൻ റിപ്പോർട്ടുമാണ് പുറത്തുവിട്ടിരിക്കുന്നത്.
15 മലയാള ചിത്രങ്ങളാണ് മാർച്ച് മാസത്തിൽ പുറത്തിറങ്ങിയത്. ഇതിൽ 14 ചിത്രങ്ങളും സാമ്പത്തികമായി തിയറ്ററിൽ പരാജയമായിരുന്നു എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ വെളിപ്പെടുത്തൽ.
15 ചിത്രങ്ങൾക്കായി 194 കോടിയാണ് മുതൽമുടക്കിയത്. എന്നാൽ 25 കോടിയാണ് തിയറ്ററുകളിൽ നിന്നും മാർച്ചിൽ ഈ ചിത്രങ്ങൾക്ക് നേടാനായത്.
പൃത്വിരാജ് സുകുമാരൻ്റെ സംവധാനത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ എമ്പുരാൻ മാത്രമാണ് ഭേദപ്പെട്ട കളക്ഷൻ നേടിയത്. 175 കോടിയിലധികം രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.
മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിലെ തിയറ്ററുകളിൽ നിന്നായി അഞ്ച് ദിവസത്തിനുള്ളിൽ 24,65,00,000 രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ.
മാർച്ച് 7ന് അഞ്ച് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. മറുവശം, ഔസേപ്പിന്റെ ഔസ്യത്ത്, പരിവാർ, പ്രളയശേഷം ഒരു ജലകന്യക, വടക്കൻ എന്നീ ചിത്രങ്ങൾക്ക് സാമ്പത്തികമായി ലാഭം നേടാനായില്ല.
നാല് കോടിയിലധികം മുതൽ മുടക്കിയാണ് ഔസേപ്പിന്റെ ഔസ്യത്ത് ചിത്രം നിർമ്മിച്ചത്.എന്നാൽ 45 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് കേരളത്തിൽ നിന്നും കളക്ട് ചെയ്യാനായത്. 2.6 കോടി മുടക്കിയ പരിവാർ നേടിയത് 26 ലക്ഷവുമാണ്.
മറുവശം, വടക്കൻ, ഉറ്റവർ, ആരണ്യം തുടങ്ങിയവ തിയറ്ററിൽ ദയനീയ പരാജയമേറ്റുവാങ്ങിയ ചിത്രങ്ങളാണ്. മാർച്ച് 31വരെ ഇറങ്ങിയ 15 ചിത്രങ്ങളിൽ അഞ്ച് ചിത്രങ്ങൾ മാത്രമാണ് ഇപ്പോഴും പ്രദർശനത്തിനുള്ളത്.
തിയറ്റർ ഉടമകളിൽ നിന്നും വിതരണക്കാരിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പ്രൊഡ്യൂസേഴ് അസോസിയേഷൻ കണക്ക് പുറത്തുവിട്ടത്. ഒടിടി റിലീസ്, സാറ്റ്ലൈറ്റ് റൈറ്റ് എന്നിവയ്ക്ക് പുറമെയുള്ള കണക്കാണ് പുറത്തുവന്നത്.