കൊച്ചി: മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നടിയാണ് അപർണ ദാസ്. ഞാൻ പ്രകാശനിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം തമിഴിലും സാന്നിദ്ധ്യമുറപ്പിച്ചിരുന്നു.
അടുത്തിടെയാണ് അപർണയും നടൻ ദീപക് പറമ്പോലുമായുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായ അപർണയുടെ ഏറ്റവും പുതിയ ചിത്രം 'റിട്ടൻ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്'.
ജൂൺ അഞ്ചിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടിയുടെ വാക്കുകൾ ഏറെ ചർച്ചയാവുകയാണ്.
സോഷ്യൽ മീഡിയകളിൽ വരുന്ന ചില ഉള്ളടക്കങ്ങൾ കുട്ടികളെ എത്രത്തോളം മോശമായി ബാധിക്കുന്നു എന്ന കാര്യത്തെക്കുറിച്ചാണ് അപർണ തുറന്നുപറഞ്ഞിരിക്കുന്നത്.
അപർണയുടെ വാക്കുകൾ
എന്റെ ഒരു ജനറേഷൻ, ഫോൺ ഇല്ലാത്ത സമയവും ഈ ഒരു സമയവും കണ്ടിട്ടുണ്ട്. എന്റെ അനിയന്റെ സ്‌കൂളിലൊക്കെ ഫോൺ നിർബന്ധമാണ്.
കൊവിഡ് വന്നതിന് ശേഷം ഫോൺ എല്ലാവർക്കും വേണം എന്നതായി. ഞാൻ എപ്പോഴെങ്കിലും ഇതേക്കുറിച്ച് സംസാരിക്കണം എന്ന് കരുതിയതായിരുന്നു.
അഡൾട്ട് കണ്ടന്റുകളുള്ള വെബ് സീരീസ് ഇപ്പോൾ മലയാളത്തിലും ഇറങ്ങുന്നുണ്ട്. ഒരു സ്ത്രീയാണ് അതിന്റെ പ്രൊഡ്യൂസർ. അവരുടെ പേര് ഞാൻ പറയുന്നില്ല.
അത്തരം സീരീസുകൾ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല.
പക്ഷേ, അത് എങ്ങനെ പ്രൊമോട്ട് ചെയ്യുന്നു എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ആ വീഡിയോസ് എങ്ങനെ ഷൂട്ട് ചെയ്യുന്നു എന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ് അവർ ഷെയർ ചെയ്യുന്നത്.
അത് ഒരു തരത്തിലും എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല. കാരണം, കുട്ടികളൊക്കെ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഇത്തരം വീഡിയോസ് വന്നാൽ അത് സമൂഹത്തെ മോശമായി ബാധിക്കും.
പച്ചക്കാണ് ആ സ്ത്രീ ഓരോന്ന് പറയുന്നത്. ഇതൊക്കെ കേൾക്കുന്ന കുട്ടികൾ സ്കൂളിൽ പോയാൽ ഓപ്പോസിറ്റ് ജെൻഡറിനെക്കുറിച്ച് തെറ്റായ ചിത്രമായിരിക്കും ലഭിക്കുക.