കൊച്ചി: സുരേഷ് ഗോപി നായകനായകുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള റിലീസ് തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിയെ വിമര്‍ശിച്ച് രഞ്ജി പണിക്കര്‍ രംഗത്ത്.
സിനിമയുടെ പേരില്‍ നിന്നും ജാനകി എന്നത് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. ദൈവത്തിന്റെ പേരായതിനാല്‍ സിനിമയ്ക്ക് ജാനകി എന്ന പേരിടാന്‍ സാധിക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.
ഈ സാഹചര്യം തുടര്‍ന്നാല്‍ നാളെ കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പര്‍ ഇട്ട് വിളിക്കേണ്ടി വരുമെന്ന് രഞ്ജി പണിക്കര്‍.
ഫെഫ്ക നടത്തിയ പത്രസമ്മേളനത്തിലായിരുന്നു രഞ്ജി പണിക്കരുടെ പ്രതികരണം. വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത വിളിച്ച് പറയുന്ന ഏറ്റവും പുതിയ സംഭവമാണിതെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.
''ഇതിലൊരു അപകട സാധ്യതയുണ്ട്. വ്യക്തികള്‍ക്ക് നമ്മുടെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ലഭിക്കുന്ന എല്ലാ നാമങ്ങളും ഏതെങ്കിലുമൊക്കെ അര്‍ത്ഥത്തില്‍ ദൈവ നാമവുമായി ബന്ധപ്പെട്ടതാണ്.
കഥാപാത്രങ്ങളുടെ പേരിനെ ചൊല്ലിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നാളെ കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന സാഹചര്യത്തിലേക്ക് പോയേക്കാം.
ഏത് പേരിനേയും ഇങ്ങനെ എതിര്‍ക്കാം. ജാനകി എന്ന് പറയുന്നത് മുപ്പത്തിമുക്കോടി ദേവതകളില്‍ ഒന്നിന്റെ പേരാണെങ്കില്‍ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകട സാധ്യതയുണ്ട്'' എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.
വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത എന്താണെന്ന് വിളിച്ച് പറയുന്ന, ഏറ്റവും പുതിയ സംഭവമായിട്ട് വേണം ഇതിനെ കാണാന്‍. നാളെ കഥാപാത്രങ്ങള്‍ക്ക് പേരിടാതെ നമ്പര്‍ ഇട്ട് സിനിമയും കഥകളും നാടകവും ഉണ്ടാക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.