/sathyam/media/media_files/2025/08/19/images-1280-x-960-px144-2025-08-19-14-33-02.jpg)
കൊച്ചി: പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമം. മമ്മൂട്ടി തിരിച്ചുവരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു മലയാളത്തിന്റെ മെഗാതാരം.
മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ടെസ്റ്റുകളുടെ ഫലം പുറത്ത് വന്നത്. അധികം വൈകാതെ താരം ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തും.
മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതോടെ ആശ്വാസവും സന്തോഷവുമൊക്കെ പങ്കിടുകയാണ് അദ്ദേഹവുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍.
'സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി' എന്നാണ് മമ്മൂട്ടിയുടെ സന്തതസഹചാരിയും നിര്‍മാതാവുമായ ജോര്‍ജ് കുറിച്ചത്.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി എന്നായിരുന്നു നിര്‍മാതാവും മമ്മൂട്ടിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിയ്ക്കുന്ന ആളുമായ ആന്റോ ജോസഫ് കുറിച്ചത്.
കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ഫലം നല്‍കി നായകന്‍ വരുന്നു എന്ന് മമ്മൂട്ടിയുടെ കോസ്റ്റിയും ഡിസൈനറായ അഭിജിത്ത് സിയും കുറിക്കുന്നുണ്ട്. എല്ലാം ഓക്കെയാണെന്ന് രമേശ് പിഷാരടിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരുടെ ഈ വാക്കുകള്‍ ആരാധകര്‍ക്കും ആവേശം പകരുകയാണ്. സിനിമാ ലോകത്തു നിന്നും പുറത്തു നിന്നുമെല്ലാം നിരവധി പേരാണ് പ്രതികരണങ്ങളുമായി ഈ പോസ്റ്റുകളുടെ താഴെയെത്തുന്നത്.
മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ എല്ലാവരും സന്തോഷം പങ്കിടുകയാണ്. അദ്ദേഹം സിനിമാസെറ്റിലേക്കും ബിഗ് സ്‌ക്രീനിലേക്കും തിരിച്ചുവരുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മമ്മൂട്ടി സെപ്തംബര്‍ ആദ്യത്തോടെ തന്നെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയെത്തും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാകും തിരിച്ചുവരവ്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണിത്.
മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം വലിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് നേരത്തെ അദ്ദേഹത്തിന്റെ സഹോദരീപുത്രനും നടനുമായ അഷ്‌കര്‍ സൗദാന്‍ അറിയിച്ചിരുന്നു.