കോട്ടയം: സിനിമ ലൊക്കേഷൻ സെെറ്റുകളിൽ ലഹരിസംഘങ്ങൾ വേരുറപ്പിച്ചിട്ട് ഒരു പതിറ്റാണ്ടിലധികമായി. കൊക്കെയ്‌നുമായി നടന്മാരുൾപ്പെട്ട സംഘത്തെ പത്ത് വർഷം മുൻപ് പിടികൂടിയതോടെയാണ് രാസലഹരി പിടിമുറുക്കുന്ന വിവരം പുറത്തുവരുന്നത്.
പിന്നീടും പലപ്പോഴായി അണിയറ പ്രവർത്തകരും നടന്മാരുമൊക്കെ പിടിയിലായി. ഇതൊക്കെ ലൊക്കേഷനു പുറത്തുള്ള അറസ്റ്റുകളാണ്.
കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സിനിമയുടെ അണിയറപ്രവർത്തകരും പിടിയിലായിരുന്നു.
ഇതോടെയാണ് ലൊക്കേഷനുകളിലും കയറി പരിശോധന നടത്തുമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നുമുള്ള സർക്കാരിന്റെ ഉറപ്പുകൾ ചോദ്യം ചെയ്യപ്പെടുന്നത്.
ഇന്നു ആലപ്പുഴയിൽ കോടികളുടെ ലഹരിയുമായി പിടിയിലായവർ പറഞ്ഞത് പല സിനിമാ താരങ്ങളും തങ്ങളുടെ ഉപഭോക്താക്കളാണെന്നാതണ്. പിടിലായ സ്ത്രീ സിനിമയിൽ തല കാണിക്കുകയും ചെയ്തിരുന്നു.
മുൻപ് ലൊക്കേഷൻ സെറ്റുകളിൽ പോലീസിനെ വിന്യസിക്കാനും ലൊക്കേഷനുകളിലെ അണിയറ പ്രവർത്തകരുടെയും പ്രവർത്തനങ്ങൾ പരിശോധിക്കാനും മിന്നൽ പരിശോധന നടത്താനും പോലീസ് പദ്ധതിയിട്ടിരുന്നു.
ഈ നിർദേശത്തെ സിനിമാ പ്രവർത്തകർ സ്വാഗതം ചെയ്‌തെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഷൂട്ടിങ് സെറ്റുകളിലും കാരവാനിലും നിരീക്ഷണത്തിനു ഷാഡോ പോലീസിനെ നിയോഗിക്കാനുള്ള നീക്കവുമൊന്നും നടപ്പായില്ല.
ലഹരി ഉപയോഗത്തിൽ ഒന്നാം സ്ഥാനം എറണാകുളം ജില്ലയ്ക്കാണ്. ജില്ലയിലേക്ക് എത്തുന്നതിൽ നല്ലൊരു ഭാഗം ലഹരി സിനിമാ പ്രവർത്തകർക്കാണ് ഏത്തിച്ചുകൊണ്ടിരുന്നതെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, തുടർ നടപടികൾ എല്ലാം ആവിയായി.
ന്യൂജെൻ സിനിമകളുടെ സെറ്റുകളിൽ പരസ്യമായ ലഹരി ഉപയോഗം നടക്കുന്നതായും സിനിമകളുടെ ഷൂട്ടിങ് അവസാനിക്കുമ്പോൾ പാക്കപ്പ് പാർട്ടികൾ നടത്തുന്നതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
സ്ഥിരമായി ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളുടെയും ഉപയോഗിക്കുന്നവരുടെയും വിവരങ്ങൾ പോലീസ് -എക്‌സൈസ് സംഘത്തിന്റെ പക്കലുണ്ടെങ്കിലും ലൊക്കേഷനുകളിൽ കയറിയുള്ള പരിശോധനയ്ക്ക് ഇവർ തയ്യാറല്ല.
മലയാള സിനിമ മേഖലയിൽ യുവതാരങ്ങൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമെന്ന് ഹേമ കമ്മറ്റി റിപ്പോർട്ടിലും പരാമർശം ഉണ്ട്. അപ്പോഴും ലൊക്കേഷൻ സൈറ്റുകളിലേക്ക് കടക്കാൻ പോലീസ് മടിക്കുന്നതെന്ന ചോദ്യമായ് ഉയരുന്നത്.