കോഴിക്കോട് : മലയാളികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജന്മം നൽകിയ അഭിനേത്രിയാണ് ഷീല. വ്യത്യസ്തമായ ഭാവ ചലനങ്ങളിലൂടെ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുന്നതിൽ ഷീലയ്ക്കുള്ള വൈഭവം പ്രസിദ്ധവുമാണ് .
ആദ്യകാല മലയാള സിനിമയിലെ ഭാവ നായിക. നായികാ സങ്കൽപ്പങ്ങൾക്ക് പുതിയൊരു ഭാവുകത്വം സൃഷ്ടിക്കാനും അവർക്ക് കഴിഞ്ഞു.
പ്രേംനസീർ,മധു തുടങ്ങിയവരുടെ സിനിമകളിൽ തിളങ്ങിയ ഷീല പുതുകാല മലയാള സിനിമയിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇടക്കാലത്ത് മകൻ വിഷ്ണുവും സിനിമാ അഭിനയ രംഗത്ത് വന്നെങ്കിലും തുടരാനായില്ല.
മലയാളത്തിന്റെ പ്രിയ നടി എന്നതോടൊപ്പം തന്നെ ചിത്രകാരിയുമാണ് ഷീല. നാല്പത് വർഷം മുൻപ് വരെ വരച്ച ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട് ആർട്ട് ഗാലറിയിൽ അവർ സംഘടിപ്പിക്കുമ്പോൾ അതിനു പിന്നിൽ കൃത്യമായൊരു ലക്ഷ്യവുമുണ്ട്.
പ്രദർശനത്തിൽനിന്ന് ചിത്രങ്ങൾ വിറ്റു ലഭിക്കുന്ന തുക അർബുദരോഗികൾക്ക് നൽകാനാണ് ഷീലയുടെ തീരുമാനം.
130ലേറെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാർ ആർട്സ് സർപ്രൈസ് ചിത്രപ്രദർശനം കോഴിക്കോട്ട് നടക്കുമ്പോൾ കൂടെ മകൻ വിഷ്ണു ജോർജുമുണ്ട്.
ചിത്രപ്രദർശനത്തെ കുറിച്ച് വിവരിക്കുമ്പോൾ ഷീല തന്റെ ഉള്ളിലെ ഒരു ആഗ്രഹം കൂടി വെളിപ്പെടുത്തി.
'ഇനിയൊരു ജന്മമുണ്ടെങ്കിൽ മാധ്യമപ്രവർത്തകയാകുമെന്നും എന്തും എവിടെയും ചോദിക്കാൻ കഴിയുമല്ലോയെന്നുമാണ് ഷീല വെളിപ്പെടുത്തിയ ആ മനസ്സിലെ മോഹം.