'ലോക' വീഴുമോ, വാഴുമോ..? വരുന്നു ആറ് ബ്രഹ്‌മാണ്ഡ മലയാളചിത്രങ്ങള്‍, മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുന്ന വൃഷഭയും മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പേട്രിയറ്റും ചരിത്രം തിരുത്തുമോ..?

മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുന്ന വൃഷഭയും വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പേട്രിയറ്റും ഇക്കൂട്ടത്തില്‍പ്പെടുന്നു.

author-image
ഫിലിം ഡസ്ക്
New Update
images (1280 x 960 px)(445)

ലോക, അദ്ഭുതമായിരുന്നു! മലയാളസിനിമ ഇന്നോളം കാണാത്ത തിരവിസ്മയം! ലോകമെമ്പാടുനിന്നു കോടികള്‍ വാരിക്കൂട്ടുകയും മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുകയും ചെയ്തു.

Advertisment

മാത്രമല്ല, ബോളിവുഡ് താരങ്ങളെ മറികടന്ന്, നായിക കേന്ദ്രകഥാപാത്രമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുകയും ചെയ്തു കല്യാണി പ്രിയദര്‍ശന്റെ ലോക.


എന്നാല്‍ ലോകയുടെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആറു ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് ചലച്ചിത്രലോകത്തുനിന്നു വരുന്ന വാര്‍ത്തകള്‍.


മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തുന്ന വൃഷഭയും വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പേട്രിയറ്റും ഇക്കൂട്ടത്തില്‍പ്പെടുന്നു.

ജയസൂര്യ, പൃഥ്വിരാജ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോള്‍ ലോകയുടെ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്.

ടൊവിനോ ആണ് രണ്ടാംഭാഗത്തില്‍ കേന്ദ്രകഥാപാത്രം. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

1. കത്തനാര്‍
ജനപ്രിയതാരം ജയസൂര്യ ഇതിഹാസ പുരോഹിതനായ കടമറ്റത്ത് കത്തനാരായി എത്തുന്ന ചിത്രം ബോക്സ്ഓഫീസില്‍ കോളിളക്കം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മന്ത്ര-തന്ത്രവിദ്യകളുടെ മായാപ്രപഞ്ചമായിരിക്കും ആധുനിക സാങ്കേതികവിദ്യയിലൊരുങ്ങുന്ന കത്തനാരെന്ന് അണിയറക്കാര്‍ പറയുന്നു.


ഹോം, ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പേരുകേട്ട റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാരില്‍ ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരം അനുഷ്‌ക ഷെട്ടിയും  പ്രധാന വേഷത്തിലെത്തുന്നു. ആര്‍. രാമാനന്ദ് ആണ് രചന നിര്‍വഹിച്ചത്. 


നീല്‍ ഡി'കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രാഹുല്‍ സുബ്രഹ്‌മണ്യന്റേതാണ് സംഗീതം. റോജിന്‍ തോമസ് തന്നെയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മിത്ത്, വിശ്വാസം, മാജിക് എന്നിവയുടെ ദൃശ്യപരമായ ഒരു പുനരാഖ്യാനമായിരിക്കും ജയസൂര്യയുടെ കത്തനാര്‍. ഏറെ നാളുകള്‍ക്കുശേഷം ജയസൂര്യയുടേതായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് കത്തനാര്‍.

2. ഖലീഫ
വൈശാഖ്-സുരേഷ് ദിവാകര്‍ കോമ്പോയുടെ സംവിധാനത്തിലൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രമാണ് ഖലീഫ. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ത്രില്ലറാണ് ചിത്രം.


മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ്, കടുവ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവും പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി അരങ്ങേറ്റം കുറിച്ച ജിനു വി. എബ്രഹാമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 


ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും, ജേക്‌സ് ബിജോയ് സംഗീതവും, ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

സത്യരാജ്, കൃതി ഷെട്ടി, വിദ്യുത് ജംവാള്‍, നരേയ്ന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, നമിത പ്രമോദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. 2026 ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്. 

3. കാട്ടാളന്‍
നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കട്ടാളന്‍ - ദി ഹണ്ടര്‍, ആന്റണി വര്‍ഗീസ് ഇതുവരെ കാണാത്ത കഥാപാത്രമായി എത്തുന്നു.


പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. സുനില്‍, കബീര്‍ ദുഹാന്‍ സിംഗ്, ബേബി ജീന്‍, രാജ് തിരന്ദസു, പാര്‍ത്ത് തിവാര്‍, ജഗദീഷ്, രജിഷ വിജയന്‍, സിദ്ദിഖ്, ഹനാന്‍ ഷാ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 


ക്യൂബ്സ് എന്റര്‍ടൈന്‍മെന്റിന്റെ കീഴില്‍ ഷരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മിക്കുന്നത്. ബി. അജനീഷ് ലോക്നാഥിന്റേതാണ് സംഗീതം. 

4. സര്‍വം മായ
അഖില്‍ സത്യന്റെ സംവിധാനത്തിലൊരുങ്ങുന്ന സര്‍വം മായ വാണിജ്യചേരുവകളുടെ മായാവിസ്മയമാണ്. നിവിന്‍ പോളിയുടെയും അജു വര്‍ഗീസിന്റെയും സൗഹൃദത്തിന്റെ 15 വര്‍ഷത്തെ ആഘോഷമാണ് സര്‍വം മായ.

ഫാന്റസി റൊമാന്റിക് മ്യൂസിക്കല്‍ ഡ്രാമയില്‍ തമിഴ് നടി പ്രീതി മുകുന്ദന്‍ നായികയായി അഭിനയിക്കുന്നു. ജനാര്‍ദനന്‍, അല്‍താഫ് സലിം, വിനീത്, മധു വാര്യര്‍, തിരക്കഥാകൃത്ത് രഘുനാഥ് പലേരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രളായി വെള്ളിത്തിരയിലെത്തുന്നത്. 

5. വൃഷഭ
കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന, വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ഡ്രാമയാണ് വൃഷഭ.


നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ചലച്ചിത്രലോകം കാത്തിരിക്കുന്നത്. ബാലാജി ടെലിഫിലിംസിന്റെയും എവിഎസ് സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ഏക്താ കപുറും ശോഭ കപുറും ചേര്‍ന്ന് നിര്‍മിക്കുന്ന വൃഷഭ, ദൃശ്യവിസ്മയങ്ങളുടെ മഹാദ്ഭുതമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്. നവംബര്‍ ആറിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ വൃക്ഷഭ റിലീസ് ചെയ്യും. 


6. പേട്രിയറ്റ് 
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് മലയാളസിനിമയുടെ ഇതുവരെയുള്ള എല്ലാ റെക്കോഡുകളും മറികടക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. 2026ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്.

വിവിധ രാജ്യങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഭൂരിഭാഗവും ശ്രീലങ്കയിലാണ് ചിത്രീകരിച്ചത്.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെക്കൂടാതെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി എന്നിവരടങ്ങുന്ന വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്.

മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ഉള്‍പ്പെടുന്ന ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Advertisment