Advertisment

സ്ത്രീവിരുദ്ധ പരാമർശം: മൻസൂർ അലിഖാൻ മാപ്പുപറഞ്ഞു

'ലിയോ' എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ തൃഷ അടക്കമുള്ള തമിഴ് നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശമാണ് കേസിനടിസ്ഥാനം.

author-image
ഫിലിം ഡസ്ക്
New Update
trisha mansoor ali new.jpg

സ്ത്രീവിരുദ്ധപരാമര്‍ശത്തിന്റെ പേരില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍  പോലീസിനുമുന്നില്‍ ഖേദപ്രകടനം നടത്തി. തൗസന്റ് ലൈറ്റ്സ് വനിതാ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ മന്‍സൂര്‍ അലിഖാന്‍, നടി തൃഷ  അടക്കമുള്ളവരെ ബന്ധപ്പെടുത്തി താന്‍ നടത്തിയ പരാമര്‍ശം അവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് മൊഴി നല്‍കി.

Advertisment

'ലിയോ' എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ തൃഷ അടക്കമുള്ള തമിഴ് നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശമാണ് കേസിനടിസ്ഥാനം. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച അലിഖാന്‍, ഒരിക്കലും മാപ്പുപറയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഖേദപ്രകടനത്തിന് തയ്യാറാകുകയായിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യംതേടി സമര്‍പ്പിച്ച ഹര്‍ജി വാദം കേള്‍ക്കുന്നതിനുമുമ്പ് പിന്‍വലിച്ചത് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി. 

തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ നടിക്കൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നാണ് നടന്‍ പറഞ്ഞത്. തൃഷയ്ക്കൊപ്പം ബലാത്സംഗ സീന്‍ ഇല്ലാത്തതില്‍ നിരാശയുണ്ടെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. 

മന്‍സൂര്‍ അലി ഖാന്റെ വാക്കുകള്‍: 'എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീന്‍ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും ഇടാമെന്ന് കരുതി. 150 സിനിമകളില്‍ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ'. മന്‍സൂറിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് തൃഷയും എത്തി. 

തൃഷയുടെ വാക്കുകള്‍ ഇങ്ങനെ: ' മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്.  ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്' എന്നാണ് തൃഷ പറഞ്ഞത്. 

നടന്മാരായ ചിരഞ്ജീവി, നിതിന്‍, സംവിധായകന്‍ ലോകേഷ് കനകരാജ്, നടി മാളവിക മോഹനന്‍, ഗായിക ചിന്മയി തുടങ്ങിയവരും തൃഷയ്ക്ക് പിന്തുണയുമായെത്തിയവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

 

mansoor ali khan trisha
Advertisment