ചെന്നൈ: കാരവനില്‍ ഒളിക്യാമറവച്ച് നടിമാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ മോഹന്‍ലാല്‍ തന്നെ വിളിച്ചിരുന്നുവെന്ന് രാധിക ശരത്കുമാര്‍. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം തന്നെ വിളിച്ചതെന്നും രാധിക പറഞ്ഞു. ഇട്ടിമാണി എന്ന ചിത്രത്തില്‍ രാധികയും മോഹന്‍ലും ഒന്നിച്ച് അഭിനയിച്ചിരുന്നു.
തന്റെ വെളിപ്പെടുത്തലിന് തൊട്ട് പിന്നാലെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ചിരുന്നു. തന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരം അനുഭവം ഉണ്ടായത് എന്ന് അദ്ദേഹം ചോദിച്ചു. സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങള്‍ ഒന്നും തന്നെ സെറ്റില്‍ ഉണ്ടായില്ല. നടിമാരുടെ ദൃശ്യങ്ങളാണ് ആളുകള്‍ കാണുന്നത് എന്ന് വ്യക്തമായതോടെ താന്‍ ബഹളംവച്ചു. നിര്‍മ്മാണ കമ്പനിയുടെ അധികൃതര്‍ എത്തി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും രാധിക പറഞ്ഞു.
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ഇപ്പോള്‍ താനുമായി ബന്ധപ്പെടുന്നുണ്ട്. എന്തിനാണ് വിവാദമുണ്ടാക്കുന്നത് എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. വര്‍ഷങ്ങള്‍ മുന്‍പുള്ള സംഭവം എന്തിനാണ് ഇപ്പോള്‍ പറയുന്നത് എന്നും ഇവര്‍ ചോദിക്കുന്നുണ്ടെന്നും രാധിക വ്യക്തമാക്കി.