ചിത്രീകരണം പൂർത്തിയാക്കും മുന്നേ 'കാന്താര ചാപ്റ്റര്‍ 1' വിറ്റു, ഒടിടി സ്വന്തമാക്കിയത് വന്‍ തുകയ്ക്ക്

author-image
മൂവി ഡസ്ക്
New Update
cf712aba-fefc-46bc-892f-3e1393a9dc39_kanthara.jpg

പഞ്ചുരുളി എന്ന നാടും ഗുളിഗ ദൈവിക ദേവതകളെയും സൗത്ത് ഇന്ത്യ ഒട്ടാകെ എത്തിച്ച റിഷബ് ഷെട്ടിയുടെ കരിയർ ബെസ്റ്റ് ചിത്രമാണ് 'കാന്താര'. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ കാത്തിരികുക്കയാണ്. 'കാന്താര ചാപ്റ്റര്‍ 1 ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും അണിയറ പ്രവർത്തകർ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു. ചിത്രീകരണം പൂർത്തിയാകും മുന്നേ ചിത്രത്തിന്റെ ഒടിടി അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയിരിക്കുകയാണ്.

ആമസോണ്‍ പ്രൈം വീഡിയോസാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോസിന്‍റെ 2024 ലെ പരിപാടികള്‍ അവതരിപ്പിക്കുന്ന വേദിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി നേരിട്ട് വേദിയിലും എത്തിയിരുന്നു.

മേക്കിങ്ങിലെ വൈവിധ്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. കാന്താരയുടെ രണ്ടാം ഭാ​ഗം ഉണ്ടാകും എന്ന് സംവിധായകൻ കൂടിയായ റിഷബ് പറഞ്ഞപ്പോൾ വളരെ ആവേശത്തോടെയായിരുന്നു ആ വാർത്ത പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ വെറും രണ്ടാം ഭാ​ഗമല്ല, പറയാൻ പോകുന്നത് ചരിത്ര കഥയാണ് എന്ന് റിഷബ് വീണ്ടും ഓർമ്മിപ്പിച്ചപ്പോൾ കൂടുതൽ പ്രതീക്ഷയാണ് തെന്നിന്ത്യൻ സിനിമാസ്വാദകർക്ക് ഉണ്ടായത്.

2022 സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിൽ എത്തിയ കാന്താര പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇതുവരെ കാണാത്ത ഋഷഭ് ഷെട്ടിയുടെ പ്രകടനം തെന്നിന്ത്യൻ സിനിമാ ലോകത്തെ അമ്പരപ്പിച്ചിരുന്നു. സിനിമയുടെ ക്വാളിറ്റി മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാൻ കാരണമായി. കേരളത്തിലടക്കം വമ്പൻ കളക്ഷനോടെയെത്തിയ സിനിമ ഇന്ത്യക്ക് പുറത്തും ച‍ർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.

സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിൽ പ്രദർശിപ്പിക്കാനുള്ള ബഹുമതിയും കാന്താര നേടിയിരുന്നു. സിനിമയ്ക്ക് എത്രത്തോളം സ്വീകാര്യത കിട്ടിയെന്നതിൻ്റെ ഉദാഹരണമാണിത്. അതായത്, കാന്താര എന്ന സിനിമയിൽ പറയുന്ന കാര്യങ്ങൾക്ക് മുന്‍പ് എന്ത് നടന്നു എന്നുള്ളതാണ് പുതു ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. കെജിഎഫ്, കെജിഎഫ്2, സലാര്‍ പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മാണം.

Advertisment
Advertisment