/sathyam/media/media_files/e432QITdqtdilrVycUhd.webp)
ഹൈദരാബാദ്:നടന്‍ വിജയ് ദേവരക്കൊണ്ടയെയും അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ 'ഫാമിലി സ്റ്റാറിനെയും' ലക്ഷ്യമാക്കിയുള്ള നെഗറ്റീവ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കി. വിജയ് ദേവരകൊണ്ടയുടെ മാനേജരും ഫാൻസ് ക്ലബ് പ്രസിഡൻ്റുമായ അനുരാഗ് പർവ്വതനേനിയാണ് പരാതി നല്‍കിയത്.
''ഫാമിലി സ്റ്റാറിനെയും’ നടൻ വിജയ് ദേവരകൊണ്ടയെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെയും നിഷേധാത്മക പ്രചാരണങ്ങളുടെയും ഭാഗമായ വ്യക്തികൾക്കെതിരെ സൈബർ ക്രൈം വിഭാഗത്തിന് പരാതി നല്‍കി. പൊലീസ് ഉദ്യോഗസ്ഥർ വ്യാജ ഐഡികൾ കണ്ടെത്തുകയും തക്കസമയത്ത് നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു'' പർവ്വതനേനി പറഞ്ഞു.റിലീസിന് മുമ്പ് തന്നെ സിനിമയെ കുറിച്ച് ചിലർ നെഗറ്റീവ് പോസ്റ്റുകൾ ഇട്ടെന്നും സിനിമ കാണാൻ ഉദ്ദേശിക്കുന്ന പ്രേക്ഷകരെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
ഇത് സിനിമയുടെ കലക്ഷനെ തന്നെ ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു. “നടനും പ്രൊഡക്ഷൻ ഹൗസിനും വേണ്ടി പിആർഒ സുരേഷും സിനിമയുടെ ഒരു ക്രൂ മെമ്പറും ഞാനും പൊലീസിനെ സമീപിക്കുകയും ട്രോളുകൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു, ഇത്തരം മോശം പ്രചാരണങ്ങൾ 'ഫാമിലി സ്റ്റാറിൻ്റെ ബോക്സോഫീസിലെ പ്രകടനത്തെ ബാധിച്ചു'' അനുരാഗ് എക്സില്‍ കുറിച്ചു.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മദാപൂർ ഇൻസ്പെക്ടർ ജി.മല്ലേഷ് ഡെക്കാൻ ക്രോണിക്കിളിനോട് പറഞ്ഞു.
വിജയ് ദേവരക്കൊണ്ടയും മൃണാള്‍ താക്കൂറും നായികാനായകന്‍മാരാകുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. ഏപ്രില്‍ 5നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പരശുറാം രചനയും സംവിധാനവും നിർവഹിച്ച് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും സിരീഷും ചേർന്ന് നിർമിച്ച ചിത്രം റൊമാൻ്റിക് ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്.