/sathyam/media/media_files/TQy95LNFEqQkrQsPZCwF.jpg)
മോഡലും നടിയുമായ പൂനം പാണ്ഡെയുടെ മരണ വാർത്തയും പിന്നാലെയുണ്ടായ സംഭവങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. താൻ മരിച്ചിട്ടില്ലെന്നും വ്യാജ മരണവാർത്തക്കു പിന്നിൽ താൻ തന്നെയായിരുന്നുവെന്നും വ്യക്തമാക്കി പൂനം പാണ്ഡെ രംഗത്തെത്തുകയും ചെയ്തു. സെർവിക്കൽ കാൻസർ ബാധിച്ചു മരിച്ചുവെന്ന തരത്തിൽ വെള്ളിയാഴ്ചയാണ് വാർത്തകൾ പുറത്തുവന്നത്.
ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി താൻ തന്നെ പുറത്തുവിട്ട വാർത്തായായിരുന്നു അതെന്ന് നടി വീഡിയോയിലൂടെ വിശദീകരിക്കുകയും ചെയ്തു. പൂനം പാണ്ഡെയ്‌ക്കെതിരെ വലിയ രീതിയിലെ വിമർശനമാണ് പിന്നാലെ ഉയർന്നത്. നടിയുടെ പ്രവൃത്തി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്.
സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം നൽകാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. സ്വന്തം മരണത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് വെറുപ്പുളവാക്കുന്നതും നാണക്കേടും അപമാനകരവുമാണെന്ന് നടി പിയ ബാജ്‌പേയ് പറഞ്ഞു. താരത്തിന്റെ പ്രവർത്തി തെറ്റായ മാതൃകയാണെന്നും നടി കൂട്ടിച്ചേർത്തു.