/sathyam/media/media_files/cONZVEHwlIvAIRJqPSi5.webp)
ബോളിവുഡില്‍ ശക്തമായ സാന്നിധ്യമാണ് കങ്കണ റണാവത്ത്. മികച്ച അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല സംവിധായിക, നിര്‍മാതാവ് എന്നീ നിലകളിലും ഏറെ ശ്രദ്ധേയയാണ് താരം. എന്നാല്‍ പലപ്പോഴും കങ്കണ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുള്ളത് വിവാദങ്ങളുടെ പേരിലാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തേക്കുറിച്ച് കങ്കണ പങ്കുവച്ച വാക്കുകള്‍.
വിധു പ്രതാപ് ചോപ്ര ഒരുക്കിയ ചിത്രത്തില്‍ നടൻ വിക്രാന്ത് മാസി ആണ് പ്രധാന വേഷത്തിലെത്തിയത്. വിക്രാന്ത് മാസിയെ പ്രശംസിച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ഇര്‍ഫാൻ ഖാൻ ഒഴിച്ചിട്ടുപോയ സ്ഥാനം വിക്രാന്ത് നികത്തുമെന്നാണ് താരം കുറിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുൻപ് വിക്രാന്തിനെക്കുറിച്ചുള്ള കങ്കണയുടെ അഭിപ്രായം ഇതായിരുന്നില്ല. അന്ന് പാറ്റ എന്നാണ് വിക്രാന്തിനെ വിശേഷിപ്പിച്ചത്.
നടി യാമി ഗൗതമിനെ പ്രശംസിച്ചുകൊണ്ടുള്ള വിക്രാന്തിന്റെ വാക്കുകളാണ് കങ്കണയെ അന്ന് ചൊടിപ്പിച്ചത്. വിവാഹവേഷത്തിലുള്ള യാമിയുടെ ചിത്രം കണ്ടപ്പോള്‍ രാധേ മായെപ്പോലുണ്ട് എന്നാണ് വിക്രാന്ത് കുറിച്ചത്. ഇതിനു പിന്നാലെയാണ് നടനെ ആക്ഷേപിച്ചുകൊണ്ട് കങ്കണ എത്തിയത്. ഈ പാറ്റ എവിടെ നിന്ന് വന്നു, എന്റെ ചെരുപ്പ് എടുക്കൂ എന്നായിരുന്നു കമന്റ്. ഇത് വലിയ ചര്‍ച്ചയായിരുന്നു. കങ്കണയുടെ അധിക്ഷേപത്തേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ ഇത്തരം നെഗറ്റിവിറ്റികള്‍ ശ്രദ്ധിക്കാറില്ല എന്നാണ് വിക്രാന്ത് മറുപടി നല്‍കിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ നടന്റെ സിനിമ കണ്ട് കണ്ണീരണിഞ്ഞിരിക്കുകയാണ് താരം. 'വിധു സാര്‍ എന്റെ ഹൃദയം വീണ്ടും കവര്‍ന്നു. വിക്രാന്ത് മാസി അതിഗംഭീരമായിരുന്നു. വരും വര്‍ഷങ്ങളില്‍ ഇര്‍ഫാന്‍ ഖാന്‍ സാബ് ഒഴിച്ചിട്ട വിടവ് നികത്താന്‍ നിനക്കായേക്കും. പ്രിയപ്പെട്ടവനെ നിന്റെ കഴിവിനെ വണങ്ങുന്നു. എന്തൊരു ഗംഭീര സിനിമ. ഹിന്ദി മീഡിയത്തില്‍ പഠിച്ചു വളര്‍ന്ന ആളാണ് ഞാനും. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ജനറല്‍ വിദ്യാര്‍ഥിയായതിനാല്‍, സ്കൂള്‍ വര്‍ഷങ്ങളില്‍ റിസര്‍വേഷൻ ഇല്ലാതെ എൻട്രി ടെസ്റ്റുകളില്‍ പങ്കെടുക്കണമായിരുന്നു. സിനിമ കാണുന്നതിനിടെ ഉടനീളം ഞാൻ കരഞ്ഞു. ഒരിക്കലും ഒരു വിമാന യാത്രയില്‍ ഞാൻ ഇത്രയും കരഞ്ഞിട്ടില്ല. സഹയാത്രികര്‍ എന്നെ ആശങ്കയോടെ നോക്കുന്നത് കാണാമായിരുന്നു. ഞാനാകെ നാണംകെട്ടു.'- കങ്കണ കുറിച്ചു.