/sathyam/media/media_files/wiLzKq0cbQ7o7jBFYIjh.jpg)
കണ്ണൂരിലെ ഹാപ്പിനസ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ നടി സുഹാസിനി മകൻ നന്ദൻ മണിരത്നത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയാകുന്നത്. കമ്മ്യൂണിസത്തെ കുറിച്ച് വായിച്ചും അനുഭവത്തിലൂടെയും അടുത്തറിഞ്ഞ മകന്റെ പ്രവർത്തികളും അനുഭവങ്ങളുമാണ് സുഹാസിനി പങ്കുവെച്ചത്.
അവൻ ആറിൽ പഠിക്കുമ്പോൾ മറ്റ് കുട്ടികളെ പോലെ അല്ലായിരുന്നു. സ്കൂൾ വിട്ട് വന്ന ശേഷം അവൻ ടി.വി കാണും. പക്ഷേ കാണുന്നത് പാർലമെന്റ് ചാനലാണ്. ഞാൻ ഇങ്ങനെയൊരു കുട്ടിക്കാണ് ജന്മം നൽകിയതെന്ന് ആലോചിച്ചു പോയി. സാധാരണ കുട്ടികൾ കോമിക്കുകളും മറ്റ് പരിപാടികളും കാണുമ്പോൾ അവൻ അതായിരുന്നു കണ്ടത്.
മെല്ലെ മെല്ലെ അവൻ ഫിലോസഫിക്കൽ പുസ്തകങ്ങളും പൊളിറ്റിക്കൽ പുസ്തകങ്ങളുമെല്ലാം പഠിക്കാൻ തുടങ്ങി. ദാസ് ക്യാപിറ്റൽ പഠിച്ചപ്പോൾ അവന്റെ വയസ്സ് വെറും 12 ആയിരുന്നു. അപ്പോഴേക്കും അവൻ അത് പഠിച്ചെടുത്തു.അന്നവൻ ടി നഗറിലെ സി. പി.എം പാർട്ടി ഓഫീസിലേക്ക് പോയി. അന്നവിടെ കയറാനുള്ള അവന്റെ വിസിറ്റിങ് കാർഡ് ആയിരുന്നു ദാസ് ക്യാപിറ്റൽ. അത് കൈയിൽ കണ്ടപ്പോൾ തന്നെ അവർ പെട്ടെന്ന് അവനോട് ഭക്ഷണം കഴിക്കാൻ പറഞ്ഞു. അതാണ് ആ പാർട്ടിയുടെ ക്വാളിറ്റി. അവർ പേരെന്താണെന്ന് ചോദിച്ചില്ല, നീ എവിടെ നിന്ന് വരുന്നു എന്ന് ചോദിച്ചില്ല, നിനക്ക് എന്താ വേണ്ടത് എന്ന് ചോദിച്ചില്ല. വന്ന് ഭക്ഷണം കഴിക്ക് എന്ന് മാത്രമേ പറഞ്ഞുള്ളു.
ഭക്ഷണം കഴിഞ്ഞ ശേഷം അവനോട് എന്താണ് നിന്റെ പേരെന്നും അച്ഛന്റെ പേരെന്തെന്നുമെല്ലാം ചോദിച്ചു. അവൻ അച്ഛന്റെ പേരെ സുബ്രഹ്മണ്യൻ എന്ന് പറഞ്ഞു. മണിരത്നത്തിന്റെ പേര് പറഞ്ഞില്ല. ഗോപാലരത്ന സുബ്രഹ്മണ്യം എന്നാണ് അവരുടെ ശരിക്കുള്ള പേര്. പിന്നെ അമ്മയുടെ പേര് ചോദിച്ചപ്പോൾ അവന് കള്ളം പറയാൻ കഴിഞ്ഞില്ല. സുഹാസിനി എന്ന് പറഞ്ഞപ്പോൾ അവർ അത്ഭുതത്തോടെ, സുഹാസിനി മണിരത്നത്തിന്റെ മകനാണോ എന്ന് ചോദിച്ചു. നീ ഇവിടെ വരുന്നത് അവർക്ക് അറിയുമോ എന്ന് ചോദിച്ചപ്പോൾ, അവർ എന്തിനറിയണം ഇതെന്റെ തീരുമാനമല്ലേ എന്നവൻ ചോദിച്ചു. അതാണ് നന്ദൻ, അങ്ങനെയാണ് അവൻ എല്ലാം തുടങ്ങിയത്.