/sathyam/media/media_files/49pSOdpvmeMEsC5511v8.webp)
ചെന്നൈ: ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്‍റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ വിജയകാന്തിന്‍റെ ആരോഗ്യനില മോശമായതായി ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ 18നാണ് നടനെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
''വിജയകാന്തിന്‍റെ നിലയില്‍ വളരെയധികം പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില മോശമായി. ശ്വാസമെടുക്കുന്നതില്‍ പ്രശ്നങ്ങളുണ്ട്. അദ്ദേഹം പൂര്‍ണമായി സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ'' എന്നാണ് ബുള്ളറ്റിനില്‍ പറയുന്നത്. 14 ദിവസം കൂടി ആശുപത്രിയില്‍ തുടരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരാഴ്ച മുന്‍പ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വിജയകാന്ത് ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് അറിയിച്ചത്. പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ താരം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും ആശംസിച്ചു.