/sathyam/media/media_files/cpxnKzJ8CPp5fqPUeATm.jpg)
തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാർ. ബോളിവുഡ് താരം മൃണാൾ താക്കൂർ നായികയായ ചിത്രം ബോക്‌സോഫീസിൽ വൻ പരാജയമായിരുന്നു. 50 കോടി മുടക്കി നിർമ്മിച്ച ചിത്രം 35 കോടി മാത്രമാണ് നേടിയത്. ചിത്രം പരാജയമായതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്രത്തിന്റെ വിതരണക്കാർ നിർമ്മാതാവ് ദിൽ രാജുവിനെ സമീപിച്ചിരിക്കുകയാണ്.
വിതരക്കാർക്ക് നഷ്ടപരിഹാരത്തുക നൽകാമെന്ന് നിർമ്മാതാവ് ധാരണയിലെത്തുകയും ചെയ്തു. ഇതോടെ വിജയ് ദേവരക്കൊണ്ടയും സംവിധായകൻ പരശുറാം പെട്‌യും തങ്ങളുടെ പ്രതിഫലത്തുകയിൽ നിന്ന് ഒരു വിഹിതം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. നിർമ്മാതാവ് നൽകുന്ന നഷ്ടപരിഹാര തുകയ്‌ക്ക് പുറമേയാണ് ഇരുവരും നൽകുന്ന അധികത്തുക. തീയേറ്ററിൽ പരാജയമായതോടെ ചിത്രത്തിന് ഒടിടിയിലും വലിയ ലാഭം നേടാനായില്ല. ചിത്രം മെയ് 3ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.
ഏപ്രിൽ 5നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ആദ്യ ദിവസം ആരാധകർ ആഘോഷമാക്കിയ ചിത്രം പിന്നീട് വൻ തകർച്ചയിലേക്ക് പോവുകയായിരുന്നു. കേരളത്തിലും ചിത്രം വൻ പരാജയമായിരുന്നു. വിജയുടെ ഒടുവിൽ എത്തിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. 70 കോടി ബജറ്റിൽ എത്തിയ ഖുഷിയും 100 കോടി ബജറ്റിൽ എത്തിയ ലൈഗറും വമ്പൻ തകർച്ചയാണ് നേരിട്ടത്.