/sathyam/media/media_files/L27bCVrni8ElYmbyOPL0.jpg)
തിരുവനന്തപുരം: നടനും എം എല്‍ എ യും നിലവില്‍ ആരോപണ വിധേയനുമായ മുകേഷ് പദവികള്‍ ഒഴിയണമെന്ന് നടി ഗായത്രി വര്‍ഷ. നിലവില്‍ സമിതിയിലോ ഏത് സ്ഥാനത്തോ ഇരിക്കുന്നു എന്നതല്ല, ആരോപണ വിധേയരാവുന്നത് ആരായാലും പദവികളില്‍ നിന്ന് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ഗായത്രി വര്‍ഷ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ അത് മുകേഷ് എന്നല്ല, ആരായാലും പദവി ഒഴിയണമെന്നും നടി പറഞ്ഞു.
അതേസമയം മുകേഷ് പദവി ഒഴിയണം എന്ന് പറയുന്നതിന്റെ സാങ്കേതികത്വം അറിയില്ല. അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാഷ്ട്രീയ നിയമനമാണ്. അതു കൊണ്ട് അതിലൊരു തീരുമാനമെടുക്കാം. കൂടാതെ എംഎല്‍എ ഒരു ജനപ്രതിനിധിയാണ്. അതിന്റെ നിയമവശം നോക്കി തീരുമാനമെടുക്കുമെന്നാണ് വിശ്വാസവും ആ?ഗ്രഹവുമെന്നും ഗായത്രി പറഞ്ഞു. എന്നാല്‍ അന്വേഷണത്തെ നേരിടുമ്പോള്‍ അന്വേഷണത്തെ സ്വാധീനിക്കുന്ന പദവിയില്‍ ഉണ്ടാവരുതെന്നാണ് അഭിപ്രായമെന്നും ഗായത്രി വര്‍ഷ പറഞ്ഞു.
ആരോപണ നിഴലില്‍ നില്‍ക്കുമ്പോഴും നടനും എംഎല്‍എയുമായ മുകേഷിനെ കൈവിടാതെ മുന്നോട്ടുപോവുകയാണ് സിപിഎം നേതൃത്വം. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് നിലവില്‍ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളില്‍ യുഡിഎഫ് എംഎല്‍എമാര്‍ രാജി വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഈ നിലപാടെടുക്കുന്നത്. ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും. എന്നാല്‍ അതിനിടെ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
ഇന്നലെ മുകേഷിന്റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് മഹിളാ കോണ്‍ഗ്രസിന്റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി.