/sathyam/media/media_files/2025/12/27/img135-2025-12-27-22-01-21.png)
മുംബൈ: ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പിന്മാറിയ അക്ഷയ് ഖന്നക്കെതിരെ നിയമനടപടിയുമായി നിർമാതാവ്. പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കമാണ് അദ്ദേഹം പിന്മാറുന്നതിന് കാരണമെന്ന് പറയപ്പെടുന്നു.
ഇതിനെ സംബന്ധിച്ച് മൂന്ന് തവണ ചർച്ച ചെയ്‌തെങ്കിലും എങ്ങുമെത്തിയില്ല. അക്ഷയ് ഖന്നയുടെ മുൻ ചിത്രം ‘ധുരന്ധർ’ വലിയ വിജയമായതോടെ അദ്ദേഹം തന്റെ പ്രതിഫലം 21 കോടി രൂപയായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടു.
കരാറിൽ പറഞ്ഞിരുന്നതിനേക്കാൾ വലിയ തുക താരം ആവശ്യപ്പെട്ടത് നിർമാതാക്കളുമായി തർക്കത്തിന് വഴിയൊരുക്കി.
പിന്നീട് അക്ഷയ് ഖന്ന ഫോൺ എടുക്കാൻ തയ്യാറായില്ലെന്നും നിർമാതാവ് കുമാർ മംഗത് പഥക് എൻഡിടിവിയോട് പറഞ്ഞു. അക്ഷയ് ഖന്ന പിന്മാറിയ സാഹചര്യത്തിൽ ജയ്ദീപ് അഹ്‌ലാവത്തിന്റെ പകരം പ്രഖ്യാപിച്ചിരുന്നു.
തന്റെ നിർമാണ കമ്പനി വഴി അക്ഷയ് ഖന്നയ്ക്ക് നിയമപരമായ നോട്ടീസ് അയയ്ക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഫലത്തിന് പുറമെ ദൃശ്യം 3ലെ അക്ഷയ് ഖന്നയുടെ കഥാപാത്രത്തിന്റെ ഹെയർസ്റ്റൈലുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളും ഇതിന് കാരണമായെന്നും കുമാർ മംഗത് പറഞ്ഞു.
ദൃശ്യം 2ലെ ഐജി തരുൺ അഹ്‌ലാവത് എന്ന അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രത്തിന് മുടിയുണ്ടായിരുന്നില്ല. എന്നാൽ മൂന്നാം ഭാഗത്തിൽ തനിക്ക് വിഗ് വേണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു.
ഇത് സിനിമയുടെ തുടർച്ചയെ (Continuity) ബാധിക്കുമെന്നതിനാൽ സംവിധായകൻ അഭിഷേക് പഥക് ഈ ആവശ്യം നിരാകരിക്കുകയായിരുന്നു.
സിനിമയുടെ ചിത്രീകരണം തുടങ്ങാൻ വെറും പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ഒരു വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് അക്ഷയ് തന്റെ പിന്മാറ്റം അറിയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
തുക കൈപ്പറ്റിയ ശേഷം പിന്മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് കുമാർ മംഗത് പറഞ്ഞു. അജയ് ദേവ്ഗൺ, തബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 3’ 2026 ഒക്ടോബർ 2-ന് തിയറ്ററുകളിൽ എത്തുമെന്നാണ് ഔദ്യോഗിക വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us