മുംബൈ: വേദിയില്‍ പാടുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തിയ എത്തിയ ആരാധികമാരെ ചുംബിക്കുന്ന ഗായകന്‍ ഉദിത് നാരായണിന്റെ വിഡിയോ വിവാദത്തിനു തിരികൊളുത്തി. ഒടുവിൽ വിവാദത്തിനു മറുപടിയുമായി ഗായകന്‍ രംഗത്തെത്തി.
'ആരാധകര്‍ ചിലനേരം ഉന്മാദികളെ പോലെയാണ്. അത് സ്വാഭാവികമാണ്. പക്ഷേ ഞങ്ങള്‍ അത്തരം മനുഷ്യരല്ല, ഞങ്ങള്‍ മാന്യന്മാരാണ്. ചിലര്‍ ഇത്തരം സ്‌നേഹപ്രകടനങ്ങള്‍, ചുംബിക്കുന്നതടക്കം പ്രോത്സാഹിപ്പിക്കാറുണ്ട്.
അവര്‍ അങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുക. അതിന്റെ പേരില്‍ ഇത്രവലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.
സദസ്സില്‍ ഒരുപാട് ആളുകളുണ്ടാവും, ഞങ്ങളുടെയൊപ്പം സുരക്ഷാജീവനക്കാരും ഉണ്ടാകും. അതിനിടയില്‍ വീണുകിട്ടുന്ന ഇത്തരം നിമിഷങ്ങള്‍ ആരാധകര്‍ അവരുടേതായ രീതിയില്‍ ആഘോഷമാക്കുന്നതില്‍ എന്താണ് തെറ്റ്,' എന്ന് ഉദിത് നാരായണൻ അഭിപ്രായപ്പെട്ടു.
അതേസമയം, സാമൂഹികമാധ്യമങ്ങളില്‍ ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചും വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ഉദിത് നാരായണില്‍ നിന്നും ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലെന്നും ഒരു പൊതുവിടത്തില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദ പോലും ഗായകന്‍ കാണിച്ചില്ലെന്നും നെറ്റിസണ്‍സ് പറയുന്നു.
വീഡിയോ അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ് എന്നും എ.ഐ. ഉപയോഗിച്ച് നിര്‍മ്മിച്ചതാണോ എന്നുവിചാരിച്ചുവെന്നുമുള്ള കമ്മന്റുകളും വരുന്നുണ്ട്.