തീര്‍ച്ചയായും കാണണം; ശ്രീനിവാസന്‍ സിനിമകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്, മലയാളസിനിമയ്ക്ക് ചരിത്രനിമിഷം

author-image
ഫിലിം ഡസ്ക്
New Update
udayanau tharam

സാധാരണക്കാരുടെ ശബ്ദം ജനമധ്യത്തിലെത്തിച്ച ചലച്ചിത്രകാരനാണ് ശ്രീനിവാസന്‍. നടനായും തിരക്കഥാകൃത്തായും സംവിധായകനായും അദ്ദേഹം മലയാളികളോട് ചേര്‍ന്നുനിന്നു. വിമര്‍ശിക്കേണ്ടവരെ വിമര്‍ശിക്കാനും സ്വീകരിക്കേണ്ടവരെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കാനും അദ്ദേഹം മടികാണിച്ചില്ല. പ്രേക്ഷകര്‍ കണ്ടുകണ്ട് ഇതിഹാസങ്ങളായി മാറിയ നിരവധി ചിത്രങ്ങള്‍ അവശേഷിപ്പിച്ചാണ് ശ്രീനിവാസന്‍ എന്ന അതുല്യ കലാകാരന്‍ വിട പറയുന്നത്. 

Advertisment

മലയാളസിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ തീര്‍ച്ചയായും കാണേണ്ട അഞ്ചുചിത്രങ്ങള്‍. വിവിധ ഒടിടിയിലും യുട്യൂബിലും ചിത്രങ്ങള്‍ കാണാം.


1. സന്ദേശം (1991)


അഭിനേതാക്കള്‍: തിലകന്‍, ശ്രീനിവാസന്‍, ജയറാം, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സിദ്ദിഖ്, കവിയൂര്‍ പൊന്നമ്മ
സംവിധാനം: സത്യന്‍ അന്തിക്കാട്
എവിടെ കാണാം: ജിയോഹോട്ട്സ്റ്റാര്‍

കാലാതീതമായ സിനിമയാണ് സന്ദേശം. രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രം, ഈ വിഭാഗങ്ങളിലെ ചരിത്രഗ്രന്ഥമായി കണക്കാക്കുന്നു. മലയാളികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും നിരവധി സന്ദേശങ്ങള്‍ കൈമാറുകയും ചെയ്ത ചിത്രം ഇന്നും  ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ തരംഗമാണ്.  കുടുംബത്തോടൊപ്പം റിട്ടയര്‍മെന്റ് ജീവിതം സമാധാനത്തോടെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന വിരമിച്ച റെയില്‍വേ ജീവനക്കാരനായ രാഘവനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. വിഭിന്ന രാഷ്ട്രീയ ചേരികളിലുള്ള അയാളുടെ മക്കള്‍ പരസ്പരം ഏറ്റുമുട്ടുന്നതും വലിയ സംഘര്‍ഷത്തിലേക്കു കഥ എത്തിച്ചേരുന്നതുമാണ് ഇതിവൃത്തം.


2. നാടോടിക്കാറ്റ് (1987)


അഭിനേതാക്കള്‍: മോഹന്‍ലാല്‍, ശ്രീനിവാസന്‍, ശോഭന, തിലകന്‍, ഇന്നസെന്റ്, ജനാര്‍ദനന്‍, ക്യാപ്റ്റന്‍ രാജു, മാമുക്കോയ
സംവിധാനം: സത്യന്‍ അന്തിക്കാട്
എവിടെ കാണാം: യുട്യൂബ്

മലയാള സിനിമയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ചിത്രങ്ങളിലൊന്നാണ് നാടോടിക്കാറ്റ്. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആണ്. സിദ്ദിഖ്-ലാല്‍ ആണ് നാടോടിക്കാറ്റിന്റെ കഥ എഴുതിയത്. സ്ഥിരമായ ജോലിയില്ലാതെ, ജീവിക്കാന്‍ പ്രയാസപ്പെടുന്ന ദാസന്‍, വിജയന്‍ എന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ദുബായില്‍ പോകാന്‍ പുറപ്പെട്ട ഇരുവരും തട്ടിപ്പിനിരയായി ചെന്നൈയില്‍ എത്തിപ്പെടുന്നതും തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളില്‍ അകപ്പെടുന്നതും ഒടുവില്‍ പോലീസില്‍ ജോലി ലഭിക്കുന്നതും കഷ്ടപ്പാടുകള്‍ അവസാനിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളത്തിലെ വന്‍ വിജയത്തെത്തുടര്‍ന്ന് തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തു. 


3. വെള്ളാനകളുടെ നാട് (1988)


അഭിനേതാക്കള്‍: മോഹന്‍ലാല്‍, പപ്പു, ശോഭന, തിക്കുറിശി സുകുമാരന്‍ നായര്‍, എം.ജി. സോമന്‍, കരമന ജനാര്‍ദനന്‍ നായര്‍, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, ജഗദീഷ്
സംവിധാനം: പ്രിയദര്‍ശന്‍
എവിടെ കാണാം: യുട്യൂബ് 


മോഹന്‍ലാലും ശ്രീനിവാസനും ഒന്നിച്ച മറ്റൊരു ഹിറ്റ് ചിത്രമാണ് രാഷ്ട്രീയ ആക്ഷേപഹാസ്യമായ വെള്ളാനകളുടെ നാട്. രണ്ടു മണിക്കൂര്‍ 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സമൂഹത്തിന്റെ നേര്‍ക്കു തുറന്നുപിടിച്ച കണ്ണാടിയാണ്. ചെറുകിട കോണ്‍ട്രാക്ടറായ പവിത്രന്‍ നായരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. 2010ല്‍ ഖാട്ടാ മീഠാ എന്ന പേരില്‍ പ്രിയദര്‍ശന്‍തന്നെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. അക്ഷയ് കുമാറും തൃഷ കൃഷ്ണനുമാണ് കേന്ദ്രകഥാപാത്രങ്ങളായത്.


4. അഴകിയ രാവണന്‍ (1996)


അഭിനേതാക്കള്‍: മമ്മൂട്ടി, ശ്രീനിവാസന്‍, ഭാനുപ്രിയ, കാവ്യാ മാധവന്‍, ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, ഇന്നസെന്റ്, രാജന്‍ പി. ദേവ്
സംവിധാനം: കമല്‍
എവിടെ കാണാം: മനോരമമാക്‌സ്

ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള ആക്ഷേപഹാസ്യവുമായി മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന അഴകിയ രാവണന്‍ സൂപ്പര്‍ഹിറ്റ് ആയിരുന്നു. ശ്രീനിവാസന്‍ മാജിക്കില്‍ രണ്ടര മണിക്കൂര്‍ കഴിഞ്ഞുപോകുന്നതുപോലും പ്രേക്ഷകര്‍ അറിഞ്ഞില്ല. ധനികനും പൊങ്ങച്ചക്കാരനും ബിസിനസുകാരനായ ശങ്കര്‍ ദാസ്, തന്റെ മുന്‍ പ്രണയിനിയായ അനുരാധയുമായി വീണ്ടും ഒന്നിക്കാനുള്ള പ്രതീക്ഷയില്‍, താന്‍ ആരാണെന്നു വെളിപ്പെടുത്താതെ സ്വന്തം ഗ്രാമത്തിലേക്കു മടങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.


5. ഉദയനാണു താരം (2005)


അഭിനേതാക്കള്‍: മോഹന്‍ലാല്‍, ശ്രീനിവാസന്‍, മീന, മുകേഷ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ഭാവന
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
എവിടെ കാണാം: മനോരമമാക്‌സ്
സിനിമാ വ്യവസായത്തെയും അതിനുള്ളിലെ കാപട്യത്തെയും നര്‍മം നിറഞ്ഞ ഭാഷയില്‍ വിമര്‍ശനത്തിനു വിധേയക്കുന്ന മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ ചിത്രമാണ് ഉദയനാണു താരം. ശ്രീനിവാസന്‍ തന്റെ മഹത്തായ കരിയറില്‍ എഴുതിയ ഹിറ്റ് ചിത്രമാണ് ഉദയനാണു താരം.

Advertisment