ആടുജീവിതത്തിലെ യഥാർത്ഥ നായകൻ നജീബ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയമാണ്. ജീവിതത്തിൽ നജീബിനെ തന്നെക്കാൾ സഹായിച്ച മറ്റൊരാൾ ഉണ്ടെന്ന് ബ്ലെസി ഒരഭിമുഖത്തിൽ പറഞ്ഞപ്പോൾ അത് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് രൂപം കൊടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ തന്നെ ഏറ്റവുമധികം സഹായിച്ച വ്യക്തിയുടെ പേര് തുറന്നു പറഞ്ഞിരിക്കുകയാണ് നജീബ്.
'എന്നെ സഹായിച്ച രണ്ടുപേര്‍ പൃഥ്വിരാജും റഹ്‌മാന്‍ സാറുമാണ്. അവര്‍ രണ്ടുപേരും എനിക്ക് ആവശ്യത്തിലധികം പൈസ തന്ന് സഹായിച്ചു. ആരോടും ഇത് പറയരുതെന്ന് പ്രത്യേകം പറഞ്ഞതുമാണ്. പക്ഷേ ബ്ലെസി സാറിനോട് ഓരോരുത്തരും എനിക്കെന്ത് തന്നു എന്ന് ചോദിച്ച് ശല്യം ചെയ്യുന്നത് കണ്ട് വിഷമം വന്നിട്ടാണ് ഇപ്പോള്‍ ഈ കാര്യം പറഞ്ഞത്’, നജീബ് പറഞ്ഞു.
‘എനിക്ക് എന്ത് തന്നാലും അത് സന്തോഷമാണ്. പക്ഷേ തന്നില്ലാ എന്ന് മാത്രം ഞാന്‍ എവിടെയും പറയില്ല. എനിക്ക് കിട്ടിയതില്‍ ഞാന്‍ തൃപ്തനാണ്. അതിന്റെ പേരില്‍ ഇനി ആരും വിവാദമുണ്ടാക്കരുത് എന്നാണ് എന്റെ ആഗ്രഹം,’ നജീബ് കൂട്ടിച്ചേർത്തു.