ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ് ചെയ്തു. ഗംഭീര പ്രതികാരമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരിൽ ആകാംഷ നിറച്ചാണ് ട്രെയ്‌ലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്.
Advertisment
ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ തരുന്ന സൂചന. യഥാർത്ഥ സംഭവങ്ങളിൽ നിന്നും ചില പോലീസ് കേസുകളുമായുള്ള ഏതാനും സാമ്യതകളും സിനിമയ്ക്കുണ്ടെന്നാണ് സൂചന. മുത്തങ്ങയിലേക്ക് സൂചന നൽകി നരിവേട്ട ട്രെയിലർ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്.
താരങ്ങളുടെ പ്രകടനം, ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം തുടങ്ങിയ ഘടങ്ങളിലും ട്രെയ്‌ലർ മികച്ചു നിൽക്കുന്നുണ്ട്. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് സിനിമയുടേതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
പൂർണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗത്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ് ഈ കഥാപാത്രങ്ങൾ. മേയ് 16ന് 'നരിവേട്ട' പ്രദർശനത്തിനെത്തും.