/sathyam/media/media_files/2025/01/24/QMNiaaL6kE8P3oaNIa4w.jpg)
എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഒരു വടക്കൻ വീരഗാഥ' വീണ്ടും തിയേറ്ററുകളിലേക്ക്. 1989ൽ തിയേറ്ററുകളിലെത്തിയ മലയാള ചലച്ചിത്രമാണ് 4കെ ദൃശ്യ, ശബ്ദ മികവോടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്.
ചിത്രം 35 വർഷങ്ങൾക്കു ശേഷം റീ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകരും. അടുത്ത മാസം ഏഴിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുക.
എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചിത്രം വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ പുതിയ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
വടക്കൻ പാട്ടുകളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ ചന്തു ചേകവരെന്ന ഐതിഹാസിക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വടക്കൻ പാട്ടുകളിലെ ക്രൂരനും ചതിയനുമായ ചന്തുവിന് വേറൊരു മുഖം നല്‍കിയ സിനിമ ആയിരുന്നു ഇതു.
സുരേഷ് ഗോപി, ബാലൻ കെ.നായർ, ക്യാപ്റ്റൻ രാജു, മാധവി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.