പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി ചലച്ചിത്ര താരം മോഹൻലാൽ. ചൊവ്വ രാത്രി ഏഴാേടെയാണ് താരം സന്നിധാനത്തെത്തിയത്.
വൈകിട്ട് അഞ്ചോടെ പമ്പയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ മോഹൻലാൽ പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് ശബരിമലയിലേക്ക് തിരിച്ചത്.
മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജയാണ് ലാലേട്ടന്‍ നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് മോഹന്‍ലാല്‍ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും ശബരിമലയില്‍ മോഹന്‍ ലാല്‍ വഴിപാട് നടത്തി.
തന്റെ ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്‍ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് മോഹന്‍ ലാല്‍ ശബരിമലയിലെത്തി അയ്യന്റെ അനുഗ്രഹം തേടിയത്.
ചൊവ്വാഴ്‌ച സന്നിധാനത്ത് തങ്ങി ബുധനാഴ്‌ച പുലർച്ചെയും ദർശനം നടത്തിയാവും താരം മടങ്ങുക.
സന്നിധാനതെത്തിയ താരത്തെ ദേവസ്വം ബോർഡ് അധികൃതരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. തന്ത്രി കണ്‌ഠര് ബ്രഹ്‌മദത്തനെയും താരം സന്ദർശിച്ചു.