ചെന്നൈ: ഷോയ്ക്ക് വേണ്ടി നൽകിയ അഡ്വാൻസ് തുക, ഷോ നടക്കാതെ വന്നതോടെ തിരികെ നൽകിയില്ലെന്നാരോപിച്ച് എ.ആർ.റഹ്‌മാനെതിരെ പരാതി. അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയാണ് റഹ്‌മാനെതിരെ പോലീസ് കമ്മീഷണർ സന്ദീപ് റായ് റാത്തോഡിന് പരാതി നൽകിയത്. പരിപാടിക്ക് വേണ്ടി അഡ്വാൻസായി നൽകിയ 29.5 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
2018 ഡിസംബറിൽ ചെന്നൈയിൽ അസോസിയേഷന്റെ വാർഷിക സമ്മേളനം നടത്താൻ പദ്ധതി ഇട്ടിരുന്നു. ഈ സമ്മേളനത്തിൽ എആർ.റഹ്‌മാൻ ഷോ നടത്താനായിരുന്നു പദ്ധതി. ഷോ ബുക് ചെയ്തതോടൊപ്പം 29.5 ലക്ഷം രൂപ അഡ്വാൻസായി കൈമാറുകയും ചെയ്തു.
എന്നാൽ പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലവും തമിഴ്‌നാട് സർക്കാരിൽ നിന്ന് അനുമതിയും നേടിയെടുക്കാൻ അസോസിയേഷന് കഴിഞ്ഞില്ല. ഈ വിവരം അസോസിയേഷൻ അധികൃതർ എ.ആർ.റഹ്‌മാനെ അറിയിച്ചിരുന്നു. പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റീഫണ്ടിനായി ഒരു പോസ്റ്റ്-ഡേറ്റഡ് ചെക്ക് അസോസിയേഷന് നൽകിയിരുന്നു. എന്നാൽ ഈ ചെക്ക് മടങ്ങിയെന്നും, പണം ഇതുവരെ തിരികെ ലഭിച്ചില്ലെന്നും അസോസിയേഷൻ ആരോപിച്ചു.