പ്രഭാസ് നായകനാകുന്ന സ്പിരിറ്റ്  2027 മാര്‍ച്ച്‌ 5 ന് തീയേറ്ററുകളില്‍ എത്തും

author-image
ഫിലിം ഡസ്ക്
New Update
spirit

റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'സ്പിരിറ്റ്' 2027 മാർച്ച് 5-ന് തിയേറ്ററുകളിലെത്തും. പ്രഭാസിന്റെ കരിയറിലെ ഇരുപത്തിയഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന ഈ ചിത്രം ടി-സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണയ് റെഡ്ഡി വംഗയും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രഭാസ് ഒരു കരുത്തുറ്റ പോലീസ് ഉദ്യോഗസ്ഥനായാണ് വേഷമിടുന്നത്. തൃപ്തി ദിമ്രി നായികയാകുന്ന ഈ ചിത്രത്തിൽ വിവേക് ഒബ്‌റോയ്, പ്രകാശ് രാജ് തുടങ്ങിയ വമ്പൻ താരനിരയും അണിനിരക്കുന്നുണ്ട്. ആനിമൽ, അർജുൻ റെഡ്ഡി തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം സന്ദീപ് വംഗ ഒരുക്കുന്ന ചിത്രം എന്ന നിലയിൽ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് സ്പിരിറ്റ് ഉയർത്തിയിരിക്കുന്നത്.

അതേസമയം, പ്രഭാസ് നായകനായി നിലവിൽ തിയേറ്ററുകളിൽ ഓടുന്ന  'രാജാ സാബ്' കേരളത്തില്‍ സമ്മിശ്ര  പ്രതികരണമാണ് നേടിവരുന്നത്. മാരുതി സംവിധാനം ചെയ്ത ഈ ഹൊറർ-കോമഡി ചിത്രം ജനുവരി 9-ന് ആണ് റിലീസ് ചെയ്തത്. പ്രഭാസിന്റെ സ്റ്റൈലിഷ് ലുക്കും ചിത്രത്തിലെ കോമഡി രംഗങ്ങളും തെലുങ്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. റിലീസ് ചെയ്ത് ആദ്യ ആഴ്ചയ്ക്കുള്ളിൽ തന്നെ ചിത്രം 130 കോടിയിലധികം രൂപ കളക്ഷൻ നേടി ബോക്സ് ഓഫീസിൽ കരുത്ത് തെളിയിച്ചു കഴിഞ്ഞു. ഹൊറർ ഫാന്റസി പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ സിനിമയിൽ മാളവിക മോഹനൻ, നിധി അഗർവാൾ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

സ്പിരിറ്റിന് പുറമെ പ്രഭാസിന്റേതായി നിരവധി വമ്പൻ പ്രോജക്റ്റുകളാണ് വരും വർഷങ്ങളിൽ റിലീസിന് തയ്യാറെടുക്കുന്നത്. ബോക്സോഫീസിൽ തരംഗമായ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളും പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ഐതിഹ്യ ചിത്രം 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗവും ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. കൽക്കി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് 2026 ഫെബ്രുവരിയിൽ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായ ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ തന്റെ പാൻ-ഇന്ത്യൻ ആധിപത്യം ഉറപ്പിക്കുകയാണ് പ്രഭാസ്.

Advertisment
Advertisment