തമിഴ് സിനിമയിൽ രജനികാന്തിനോളം പ്രഭാവം തീർത്ത മറ്റൊരു നടൻ ഉണ്ടാകില്ല. സിനിമയിലും വ്യക്തി ജീവിതത്തിലും വളരെ സിമ്പിളാണ് രജനി. ഇപ്പോഴിതാ രജനികാന്തിനെ കുറിച്ച് നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവ പങ്കുവെച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. രജനികാന്തിന് നൃത്തം ചെയ്യുന്നത് ഭയമാണെന്നാണ് പ്രഭുദേവ പറഞ്ഞിരിക്കുന്നത്.
പ്രഭു ദേവയുടെ വാക്കുകൾ ഇങ്ങനെ 'നൃത്തസംവിധായകരോട് രജിനി സാറിന് വലിയ ബഹുമാനമാണ്. എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. എപ്പോഴും സന്തോഷത്തോടെ നടക്കുന്നയാളാണ് രജിനി സാർ. പക്ഷേ പാട്ട് എന്ന് കേട്ടാൽ റോബോട്ടിനെ പോലെയാവും. കാലിൽ ഒരു പത്തിരുപത് കിലോ കെട്ടിവെച്ചാൽ എങ്ങനെയുണ്ടാവും എന്നതുപോലെ.
ഭയങ്കര ടെൻഷനായിരിക്കും ആ സമയങ്ങളിൽ. എന്തിനാണ് ഇങ്ങനെ ടെൻഷനടിക്കുന്നതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അറിയില്ല, പാട്ടെന്നുകേട്ടാൽ അപ്പോൾ ടെൻഷനാവും എന്നായിരിക്കും സാറിന്റെ മറുപടി. എന്നാൽ എപ്പോഴും ജോളിയായിരിക്കുന്ന വളരെ ലാളിത്യം നിറഞ്ഞയാളാണ് രജിനികാന്ത്' പ്രഭുദേവ പറഞ്ഞു. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജയിലർ' ആണ് രജനിയുടെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. ബോക്സ് ഓഫീസിൽ 607 കോടി നേടിയ ചിത്രം തമിഴിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രങ്ങളിൽ ഒന്നാണ്. ടി.ജെ. ജ്ഞാനവേൽ, ലോകേഷ് കനകരാജ് എന്നിവർ ഒരുക്കുന്ന ചിത്രങ്ങളാണ് രജനികാന്തിന്റെതായി വരാനുള്ളത്.