/sathyam/media/media_files/tFqJ6VsQmH8TPIoowdAt.jpg)
നിവിൻ പോളി ചിത്രം പ്രേമം വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. 2015-ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചിരുന്നു. ഇപ്പോൾ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. കേരളത്തിലല്ല, തമിഴ്‌നാട്ടിലാണെന്നുമാത്രം. നിവിൻ പോളി എന്ന നടന് മലയാളത്തിനുപുറമേ തെന്നിന്ത്യയിലെമ്പാടും ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് പ്രേമം.
ഫെബ്രുവരി ഒന്നിന് തമിഴ്‌നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് പ്രേമം വീണ്ടും പ്രദർശനത്തിനെത്തുക. പല തിയേറ്ററുകളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിൽ 200 ദിവസത്തോളം പ്രദർശിപ്പിച്ച ചിത്രംകൂടിയാണ് പ്രേമം. ഇതാദ്യമായല്ല പ്രേമം തമിഴ്‌നാട്ടിൽ റീ റിലീസ് ചെയ്യുന്നത്. 2016 മാർച്ച് 18-ന് ട്രിച്ചിയിലും തിരുനെൽവേലിയിലും ചിത്രം വീണ്ടും റിലീസ് ചെയ്തു.
തമിഴ്‌നാട്ടിൽ റീ-റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. 2017 ഫെബ്രുവരി പത്തുമുതൽ പതിനാറുവരെ ഒരു തിയേറ്റർ വിണ്ണൈത്താണ്ടി വരുവായ, രാജാ റാണി എന്നിവയ്ക്കൊപ്പം ചെന്നൈയിൽ പ്രേമം വീണ്ടും റിലീസ് ചെയ്തു. നിവിൻ പോളിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2019-ൽ ചിത്രം കേരളത്തിലും റീ റിലീസ് ചെയ്തിരുന്നു.