/sathyam/media/media_files/2025/10/15/amaram-movi-2025-10-15-15-11-31.jpg)
കൊച്ചി: മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മമ്മൂട്ടിയുടെ 'അമരം' റീ റിലീസിന് ഒരുങ്ങുന്നു. ഭരതൻ സംവിധാനം ചെയ്ത് ലോഹിതദാസ് തിരക്കഥയെഴുതിയ ഈ ചിത്രം 34 വർഷങ്ങൾക്കിപ്പുറമാണ് 4K ഡോൾബി അറ്റ്മോസ് പതിപ്പിൽ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മത്സ്യബന്ധന തൊഴിലാളികളുടെ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയ ഇമോഷണൽ ഡ്രാമയായ 'അമരം' 1991 ഫെബ്രുവരി ഒന്നിനാണ് റിലീസ് ചെയ്തത്. തിയേറ്ററുകളിൽ വൻ വിജയമായിരുന്ന ചിത്രം കേരളത്തിൽ 200 ദിവസത്തോളവും മദ്രാസിൽ 50 ദിവസത്തോളവും പ്രദർശിപ്പിച്ചു. മമ്മൂട്ടിയുടെ അച്ചുട്ടി എന്ന കഥാപാത്രവും കെ.പി.എ.സി ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പ്രകടനവും ഈ ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കി.എന്നാൽ, മമ്മൂട്ടിയുടെ റീ റിലീസിനെക്കുറിച്ച് വാർത്തകൾ വന്നപ്പോൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയായത് 'രാജമാണിക്യം', 'ബിഗ് ബി', 'മായാവി' തുടങ്ങിയ ചിത്രങ്ങളായിരുന്നു.
ആക്ഷൻ എന്റർടെയ്‌നറുകൾ റീ റിലീസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ആരവവും ആഘോഷവും 'അമരം' പോലുള്ള ഇമോഷണൽ ഡ്രാമയ്ക്ക് ലഭിക്കുമോ എന്ന സംശയമാണ് പലരും പങ്കുവെക്കുന്നത്. റീ റിലീസായി എത്തുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങൾക്ക് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്നതും ഈ ചർച്ചകൾക്ക് ആക്കം കൂട്ടി.
'അമരം' ഒരു ക്ലാസിക് സിനിമയാണെങ്കിലും റീ റിലീസ് ഒഴിവാക്കാമായിരുന്നു എന്ന തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. അതേസമയം, മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവ് എടുത്തു കാണിക്കുന്ന ഈ ചിത്രം 4K ഡോൾബി അറ്റ്മോസിൽ കാണാൻ ആഗ്രഹിക്കുന്നവരും കുറവല്ല. കലാമൂല്യമുള്ള ചിത്രങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 'അമര'ത്തിന് റീ റിലീസ് ആവശ്യമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ഇന്ത്യയിൽ റിലീസ് ഉണ്ടാകില്ല എന്നാണ് വിതരണ കമ്പനി അറിയിച്ചിട്ടുള്ളത്. വിദേശത്തുള്ള കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചാണ് 'അമരം' റീ റിലീസിനെത്തിക്കുന്നത് എന്നാണ് സൂചന.