രാം ഗോപാൽ വർമ്മയുടെ തല വെട്ടി കൊണ്ടുവരുന്നവർക്ക് ഒരു കോടി നൽകും; ലൈവിൽ ടിഡിപി നേതാവ്, പരാതി നൽകി സംവിധായകൻ

ഒരു തത്സമയ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് ശ്രീനിവാസ റാവു വിവാദ പ്രസ്താവന നടത്തിയത്.

author-image
ഫിലിം ഡസ്ക്
New Update
ram gopal varma rgv.jpg

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് കോളിക്കപ്പുടി ശ്രീനിവാസ റാവു. ഒരു തത്സമയ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് ശ്രീനിവാസ റാവു വിവാദ പ്രസ്താവന നടത്തിയത്. രാം ഗോപാല്‍ വര്‍മ്മയുടെ തല ആരെങ്കിലും കൊണ്ടുവന്നാല്‍ ഞാന്‍ അദ്ദേഹത്തിന് ഒരു കോടി രൂപ നല്‍കും'' എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നാലെ രാം ഗോപാല്‍ വര്‍മ്മ ആന്ധ്രാപ്രദേശ് പോലീസില്‍ പരാതി നല്‍കി.

Advertisment

ഈ വീഡിയോ ക്ലിപ്പുകള്‍ ആര്‍ജിവി തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുമുണ്ട്. ആര്‍ജിവി ഏറ്റവും പുതിയ ചിത്രം 'വ്യൂഹ'ത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പ്രസ്താവന. 'ദയവായി നിങ്ങളുടെ വാക്കുകള്‍ പിന്‍വലിക്കൂ' എന്ന് അവതാരകന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ആര്‍ജിവിയെ ചുട്ടുകൊല്ലും എന്നും ശ്രീനിവാസ റാവു പറയുന്നുണ്ട്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ചിത്രമാണ് വ്യൂഹം.

'ഒരു ന്യൂനപക്ഷ സമുദായത്തെ കുറിച്ച് ഇതു പോലെയുള്ള സിനിമകള്‍ ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. അയാളെ വീട്ടില്‍ വെച്ച് ചുട്ടുകൊല്ലും.' എന്നും ശ്രീനിവാസ റാവു വെല്ലുവിളിച്ചു. 'വ്യൂഹം' സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ടിഡിപി ജനറല്‍ സെക്രട്ടറി നാരാ ലോകേഷ് രംഗത്ത് എത്തിയിരുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയെ അനുകൂലിക്കുന്നതും ടി ഡി പി , ജനസേന ഏന്നീ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും വിമര്‍ശിക്കുന്നതുമായ വര്‍മ്മയുടെ വരാനിരിക്കുന്ന ചിത്രമായ ''വ്യൂഹം'' ത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് പൊട്ടിത്തെറി ഉണ്ടായത്.

ചിത്രത്തില്‍ മലയാള നടന്‍ അജ്മല്‍ അമീറാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷം ചെയ്യുന്നത്. കോ അടക്കം ശ്രദ്ധേയമായ ചിത്രങ്ങളില്‍ വേഷം ചെയ്ത അജ്മല്‍ കരിയറിലെ തന്നെ മികച്ച വേഷമാണ് ഇതെന്നാണ് അവകാശപ്പെടുന്നത്. അതേ സമയം ജൂണ്‍ മാസത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ നേരിട്ട് കണ്ട് ചിത്രത്തെക്കുറിച്ച് രാം ഗോപാല്‍ വര്‍മ്മ ചര്‍ച്ച നടത്തിയെന്നാണ് വിവരം.  അതിന് പിന്നാലെ ചിത്രത്തിലെ ചില ഫോട്ടോകളും രാം ഗോപാല്‍ വര്‍മ്മ പുറത്തുവിട്ടിരുന്നു. മലയാളിയായ മാനസ രാധാകൃഷ്ണനാണ് ചിത്രത്തില്‍ ജഗന്റെ ഭാര്യയുടെ റോള്‍ ചെയ്യുന്നത്. 2024 തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ജഗന്റെ പ്രചരണത്തിന്റെ ഭാഗമാണ് ചിത്രം എന്നാണ് ഉയരുന്ന ആരോപണം. ഇന്നാണ്  (ഡിസംബര്‍ 29) ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

ram gopal varma
Advertisment